തിരുവനന്തപുരം നെടുമങ്ങാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; നിരവധി പേർക്ക് പരിക്ക്
ബസിൽ കുട്ടികളടക്കം 49 യാത്രക്കാരുണ്ടായിരുന്നതായി സൂചന
Update: 2025-01-18 02:33 GMT
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. കാവല്ലൂര്‍ സ്വദേശിനി ദാസിനി(60) ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളടക്കം 49 യാത്രക്കാർ ബസിലുണ്ടായിരുന്നു. 30 പേർക്ക് പരിക്കേറ്റു എന്നാണ് സൂചന.
കാട്ടാക്കട പെരുങ്കട വിളയിൽനിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. റോഡിലെ വളവിൽ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നുവെന്നാണു വിവരം. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അപകടത്തിൽപെട്ടവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജ് സുപ്രണ്ടിന് നിർദേശം നൽകി.