'ഇത് ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചത്'; ഫോണ്‍ ചോര്‍ത്തലില്‍ പ്രതികരിച്ച് ജെയ്സൺ സി കൂപ്പർ
കേന്ദ്ര സർക്കാരിന് നിഷേധിക്കാൻ കഴിയാത്ത തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ജെയ്സൺ പ്രതികരിച്ചു.
ഈ സർക്കാരിൽ നിന്ന് ഇത് പ്രതീക്ഷിച്ചതാണെന്ന് ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുള്‍പ്പെട്ട മലയാളിയും ആക്ടിവിസ്റ്റുമായ ജെയ്സൺ സി കൂപ്പർ. കേന്ദ്ര സർക്കാരിന് നിഷേധിക്കാൻ കഴിയാത്ത തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ജെയ്സൺ മീഡിയവണിനോട് പറഞ്ഞു.
താന്‍ ജനകീയ സമരങ്ങളിൽ ഇടപെടാറുണ്ടെന്നും 2015 ൽ യു.എ.പി.എ ചുമത്തി തടവിലാക്കപ്പെട്ടിരുന്നെന്നും അതിന്റെ തുടർച്ചയാണ് നിലവിലെ ഫോണ്‍ ചോര്‍ത്തലെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. 'ദ വയര്‍' മുഖേനയാണ് ഫോണ്‍ ചോര്‍ത്തപ്പെട്ട വാര്‍ത്ത അറിഞ്ഞത്. 2018-19 വരെ തുടർച്ചയായി ഫോൺ ചോർത്തിയെന്നാണ് വിവരം ലഭിച്ചതെന്നും ഇതിനെതിരായ നിയമനടപടികൾ കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും ജെയ്സൺ സി കൂപ്പർ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഇതിനെതിരെ പ്രതിഷേധമുയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും നാല്‍പതോളം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.
പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മീഡിയ ബേസില്‍ നിന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത്. വാഷിങ്ടണ്‍ പോസ്റ്റും ദി ഗാര്‍ഡിയനുമടക്കം 16 അന്തര്‍ദേശീയ മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
പെഗാസസ് പ്രൊജക്ട് എന്ന പേരിലായിരുന്നു മാധ്യമങ്ങളുടെ നീക്കം. പത്തോളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഇതിന് പിന്നിലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ പാടെ തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമവിരുദ്ധമായി ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.