'അന്ന് വെറും 20 വയസ്, തർക്കങ്ങളില്‍ എല്ലാവർക്കും സ്വീകാര്യമായ തീർപ്പുകളുണ്ടാക്കി': കോടിയേരിയെ അനുസ്മരിച്ച് തോമസ് ഐസക്

'കോടിയേരി എന്ന പേരിനെ സഖാവ് അന്വർത്ഥമാക്കിയത്, ഏത് കൊടികെട്ടിയ സങ്കീർണമായ പ്രശ്നത്തെയും നിമിഷനേരം കൊണ്ട് പരിഹരിക്കുന്ന മാസ്മരിക സിദ്ധിയിലൂടെയാണ്'

Update: 2022-10-02 01:50 GMT

എസ്.എഫ്.ഐ കാലം മുതല്‍ കോടിയേരി ബാലകൃഷ്ണനുമായുള്ള ബന്ധം ഓര്‍ത്തെടുത്ത് മുന്‍ മന്ത്രി തോമസ് ഐസക്. കോടിയേരി എന്ന പേരിനെ സഖാവ് അന്വർത്ഥമാക്കിയത്, ഏത് കൊടികെട്ടിയ സങ്കീർണമായ പ്രശ്നത്തെയും നിമിഷനേരം കൊണ്ട് പരിഹരിക്കുന്ന മാസ്മരിക സിദ്ധിയിലൂടെയാണ്. ഹൃദയം കൊണ്ട് പാർട്ടിയെ സ്നേഹിച്ച സഖാവ്. ഹൃദയം കൊണ്ട് പാർട്ടിയെ ഉൾക്കൊണ്ട സഖാവ്. അങ്ങയെപ്പോലൊരു സഖാവിന്റെ നഷ്ടം നമ്മുടെ പാർട്ടി എങ്ങനെ നികത്തും എന്ന ചോദ്യത്തോടെയാണ് തോമസ് ഐസക് കുറിപ്പ് അവസാനിപ്പിച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്നാണ് സഖാവ് കോടിയേരിയെ ഞാൻ ആദ്യമായി കണ്ടത്? ഓർമകൾ എന്നെ കൊണ്ടുപോകുന്നത് 73ലെ കൊല്ലം എസ്.എഫ്.ഐ സമ്മേളന വേദിയിലേക്കാണ്. സമ്മേളനത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതു പരിഹരിക്കാൻ ചുമതലപ്പെട്ടയാളായിരുന്നു സഖാവ് കോടിയേരി. അന്ന് സഖാവിന് പ്രായം വെറും 20 വയസ്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഇരുപതാം വയസിലും സഖാവ് കോടിയേരിക്ക് നിഷ്പ്രയാസം തർക്കപ്രശ്നങ്ങൾക്ക് എല്ലാവർക്കും സ്വീകാര്യമായ തീർപ്പുകളുണ്ടാക്കിയിരുന്നു, പാർട്ടിയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ടു തന്നെ. സ്വന്തം ചുമതലയുടെയും പദവിയുടെയും അധികാരത്തിന്റെ സ്വരത്തിലായിരുന്നില്ല അന്നും സഖാവിന്റെ വർത്തമാനം. ഒന്നിച്ചു നിൽക്കുന്ന സഖാക്കളുടെ കരുത്തിനെക്കുറിച്ചാണ് നർമമധുരമായി കോടിയേരി സഖാവ് സംസാരിച്ചത്.

Advertising
Advertising

പ്രതിസന്ധികളുടെ ഇതികർത്തവ്യതാമൂഢതയെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയെ ഒരു ചിരി കൊണ്ട്, ഒരു ഫലിതം കൊണ്ട്, ഒരു തോളിൽ കൈയിടൽ കൊണ്ട്, അലിയിച്ചു കളയാൻ അന്യാദൃശ്യമായ ഒരു ശേഷി സഖാവ് കോടിയേരിയ്ക്കുണ്ടായിരുന്നു. കോടിയേരി എന്ന പേരിനെ സഖാവ് അന്വർത്ഥമാക്കിയത്, ഏത് കൊടികെട്ടിയ സങ്കീർണമായ പ്രശ്നത്തെയും നിമിഷനേരം കൊണ്ട് പരിഹരിക്കുന്ന മാസ്മരിക സിദ്ധിയിലൂടെയാണ്.

അതേസമയത്തു തന്നെയാണ് അടിയന്തരാവസ്ഥയെ നേരിട്ടത്. പാർട്ടിയ്ക്കുള്ളിലെ സമവായത്തിന്റെയും സഹിഷ്ണുതയുടെയും വാക്കുകളും രീതികളുമായിരുന്നില്ല പുറത്ത്. അടിയന്തരാവസ്ഥയുടെ അനീതികളെ വിട്ടുവീഴ്ചയില്ലാത്ത വിപ്ലവകാരിയ്ക്കു ചേർന്ന വിധത്തിൽ അദ്ദേഹം ചെറുക്കുകയും എതിർക്കുകയും ചെയ്തു. ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യുകയും ചെറുക്കുകയും ചെയ്തു. പാർടിയ്ക്കുള്ളിൽ സൗമ്യനായ കോടിയേരി, പൊതുസമൂഹത്തിൽ ഭരണകൂടത്തിന്റെ അനീതികളോട് നേർക്കുനേരെ പോരാടി.

സിദ്ധാന്തവും പ്രയോഗവും അത്രമേൽ ഹൃദിസ്ഥമായിരുന്നു അദ്ദേഹത്തിന്. പാർട്ടിയുടെ സംഘടനാ ചട്ടക്കൂടിൽ നിന്ന് ഏത് പ്രശ്നവും ഒരു പുഞ്ചിരിയുടെ ഉത്തോലകം കൊണ്ട് അദ്ദേഹം സമീകരിച്ചിരുന്നു. എല്ലാ സഖാക്കൾക്കും കോടിയേരിയെ കണ്ടു സംസാരിക്കാമായിരുന്നു. ഏതു പ്രശ്നത്തിലും അദ്ദേഹം പരിഹാരവും അദ്ദേഹമുണ്ടാക്കുമായിരുന്നു. 2006 ലെ സർക്കാർ. അറിയാമല്ലോ, പാർട്ടിയിൽ അന്നുണ്ടായിരുന്ന സംഘർഷങ്ങൾ. മലപോലെ വരുമെന്നു കരുതിയ പല പ്രശ്നങ്ങളും സഖാവ് കോടിയേരിയുടെ ബെഞ്ചിൽ അനായാസമായി പരിഹരിക്കപ്പെട്ടിരുന്നു. ഹൃദയം കൊണ്ട് പാർട്ടിയെ സ്നേഹിച്ച സഖാവ്. ഹൃദയം കൊണ്ട് പാർട്ടിയെ ഉൾക്കൊണ്ട സഖാവ്. അതായിരുന്ന കോടിയേരി. ബ്രാഞ്ചു സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെയുള്ള ചുമതലകൾ നിർവഹിക്കുമ്പോൾ, പാർട്ടി സഖാക്കളുടെ ഓർമ്മകളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഏറ്റവും ഉജ്വലമായ സാന്നിധ്യമായി മാറിയ സഖാവ്.

സഖാവ് കോടിയേരിയുടെ ഓർമകൾക്ക് മീതെ വിരാമചിഹ്നമില്ല. ആ സാമീപ്യം തന്നെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ അനുഭവമായിരുന്നു. പാർട്ടി സഖാക്കളെ സ്നേഹിക്കുന്നതുപോലെ അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തെയും സ്നേഹിച്ചു. ഇടതുപക്ഷ പാർട്ടികളുടെ ഐക്യം ആ കൈകളിൽ സുഭദ്രമായിരുന്നു. കാലത്തിന്റെ ചുവരെഴുത്തുകളെ ഇത്രമേൽ രാഷ്ട്രീയമായി വായിച്ച മറ്റൊരു നേതാവുണ്ടോ എന്ന് സംശയം. ഇടതുപക്ഷ ഐക്യം കൂടുതൽ സർഗാത്മകമായി വികസിപ്പിക്കാനാണ് ഓരോ വാക്കും വാചകവും അദ്ദേഹം ഏറ്റവും ശ്രദ്ധയോടെ ഉപയോഗിച്ചത്.

എല്ലാവർക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരും അദ്ദേഹത്തിനും പ്രിയപ്പെട്ടവരായിരുന്നു. മാർക്സിസത്തിന്റെ മൂല്യം ഏറ്റവും ഉജ്വലമായി സ്വാംശീകരിച്ചവർക്കു മാത്രം സാധ്യമായ തരത്തിൽ അദ്ദേഹം സ്വന്തം വ്യക്തിത്വത്തെ ഉയർത്തിപ്പിടിച്ചു. വിട സഖാവേ... അങ്ങയെപ്പോലൊരു സഖാവിന്റെ നഷ്ടം നമ്മുടെ പാർട്ടി എങ്ങനെ നികത്തും?

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News