'പി.സി ജോർജിനെ ഒതുക്കാൻ ഇറങ്ങിയവർ ഓർത്തോ, തിരിച്ചടി ഉറപ്പ്': വിദ്വേഷ പരാമർശക്കേസില്‍ പരാതിക്കാർക്ക് ഭീഷണി
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തിരുന്നത്.
കോട്ടയം: പി.സി ജോർജിനെതിരായ വിദ്വേഷ പരാമർശക്കേസിൽ പരാതിക്കാർക്ക് ഭീഷണി. ബിജെപി-ബിഎംഎസ് നേതാവ് ഗിരീഷ് വാഗമൺ ആണ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കൾ വീണ്ടും പരാതി നൽകിയത്.
ഈരാറ്റുപേട്ട പൊലീസിലാണ് സ്ക്രീൻ ഷോട്ട് അടക്കം കാണിച്ച് പരാതി നൽകിയത്. വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് വാഗമൺ ഗിരീഷ് ഭീഷണി മുഴക്കിയത്. 'പി.സി ജോർജ് എന്ന ആളെ ഒതുക്കാൻ ഇറങ്ങിയവർ ഓർത്തോ, തിരിച്ചു അടി ഉറപ്പ് എന്നാണ്'- അദ്ദേഹം എഴുതിയിരിക്കുന്നത്.
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തിരുന്നത്.
ചാനൽ ചർച്ചയിലാണ് കടുത്ത വിദ്വേഷപരാമർശം പി.സി ജോർജ് നടത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്ന് ഒളിവിൽപോയ പി.സി ജോർജ് കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്. കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. വൈദ്യപരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം പി.സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പി.സി ജോർജ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്.
Watch Video Report