മൂന്ന് തമ്പുരാക്കന്മാരാണ് ശബരിമലയിൽ സമരം ഉണ്ടാക്കിയത്: വെള്ളാപ്പള്ളി നടേശൻ

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിന് ശേഷം മാറ്റിയത് മോശം സന്ദേശമാണ് ജനങ്ങൾക്ക് നൽകിയതെന്നും വെള്ളാപ്പള്ളി

Update: 2022-08-04 15:46 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: ശബരിമലയിൽ സമരം എന്തിനായിരുന്നുവെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്ന് തമ്പുരാക്കന്മാരാണ് സമരത്തിനു പിന്നിലെന്നും അവരാരാണെന്ന് താൻ ഇനി പറയുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമലയിൽ സമരം നടത്തിയത് ആർക്കു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. പുന്നല ശ്രീകുമാർ നവോത്ഥാന സമിതി കൺവീനർ സ്ഥാനം ഒഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് മാധ്യമങ്ങളോട് വെള്ളാപ്പള്ളിയുടെ പ്രതികരണം.

പുന്നല ശ്രീകുമാർ അദ്ദേഹത്തിന്റെ തിരക്കുകൾ കാരണമാണ് നവോത്ഥാന സമിതി സ്ഥാനം ഒഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പുന്നല ശ്രീകുമാർ കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം രാജിവെച്ചതെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. വർഗീയ ധ്രുവീകരണം അതി ശക്തമായി കേരളത്തിലുണ്ട്. ഒരു കാരണവശാലും അവർണ- സവർണ സംഘട്ടനം ഉണ്ടാകരുത്. പണ്ടത്തേക്കാളും വർഗീയത ഇന്ന് അധികരിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിന് ശേഷം മാറ്റിയത് മോശം സന്ദേശമാണ് ജനങ്ങൾക്ക് നൽകിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. ഇതിലും ഭേദം അദ്ദേഹത്തെ നേരത്തെ കലക്ടറായി നിയമിക്കാതെ ഇരിക്കുന്നതായിരുന്നു നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സർക്കാരിനെ വിമർശിച്ച വെള്ളാപ്പള്ളി പ്രതിപക്ഷത്തെയും വെറുതെവിട്ടില്ല. കോൺഗ്രസിന് ഭാവിയില്ലെന്നും അവർ അനാഥ പ്രേതങ്ങളെ പോലെ അലയുകയാണെന്നും വെളളാപ്പള്ളി നടേശൻ തുറന്നടിച്ചു.

ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് നവോത്ഥാന സമിതി രൂപീകരിച്ചത്. വനിതാമതിലടക്കം തീർത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്. വർഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീരണം. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ട് വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കൂടിയാണ് സമിതി വീണ്ടും പൊടി തട്ടിയെടുക്കുന്നത് വഴി സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News