ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മയിൽ ഇന്ന് ഈസ്റ്റർ; പളളികളിൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷയും

50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ദേവാലയങ്ങളിൽ ശുശ്രൂഷകളും തിരുകർമ്മങ്ങളും നടന്നു

Update: 2022-04-17 01:03 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. സംസ്ഥാനത്തെ പള്ളികളിൽ അർധരാത്രി വരെ നീണ്ട പ്രാർത്ഥനകൾ നടന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ദേവാലയങ്ങളിൽ ശുശ്രൂഷകളും തിരുകർമ്മങ്ങളും നടന്നു.

ദു:ഖവെള്ളിയിൽ കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസത്തിന്റെ ഓർമ്മ പുതുക്കിയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഉയിർപ്പ് ദിനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികൾ വരവേറ്റത്. ഇന്നലെ വൈകിട്ട് മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും ശുശ്രൂഷകളും ആരംഭിച്ചു.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാനക്ക് നേതൃത്വം നൽകി. സിനഡ് കുർബാനയാണ് കർദിനാൾ അർപ്പിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാന തുടർന്നു.

പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും പട്ടം സെന്റ് മേരീസ് കത്തിഡ്രലിൽ മലങ്കര കത്തോലിക്കാ സഭാ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മുവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് യാക്കോബായ സിറിയൻ ചർച്ചിൽ യാക്കോബായസഭ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് കുർബാനയർപ്പിച്ചു. സെന്റ് ഫ്രാൻസിസ് അസിസി കത്തിഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപറമ്പിൽ കുർബാന അർപ്പിച്ചു. നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ഈസ്റ്റർ ദിനത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പള്ളികളിൽ എത്തി. 50 ദിവസം നീണ്ട നോമ്പിനും ഓശാന ഞായർ മുതൽ തുടങ്ങിയ വിശുദ്ധ വാരത്തിനും ഈസ്റ്ററോടെ പരിസമാപ്തിയാകുകയാണ്.

'അക്രമത്തെ അക്രമം കൊണ്ടല്ല അനുകമ്പ കൊണ്ടാണ് നേരിടേണ്ടത്'; ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ .സമീപകാലത്ത് കേരളത്തിൽ കാണുന്നത് പകരത്തിന് പകരം എന്ന രീതിയാണ്. അക്രമത്തെ അക്രമം കൊണ്ടല്ല അനുകമ്പ കൊണ്ടാണ് നേരിടേണ്ടത്. പ്രതികാരം ചെയ്യുക എന്ന മനുഷ്യന്റെ സമീപനം ഇല്ലാതാകണം. തിന്മക്ക് പകരം തിന്മ ചെയ്യാതെ നന്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News