'തോല്‍വി തോല്‍വി തന്നെയാണ്,തിരുവനന്തപുരത്തെ ബിജെപി വിജയം ഗൗരവമായി പരിശോധിക്കും'; ടി.പി രാമകൃഷ്ണന്‍
ഇങ്ങനെയൊരു ജനവിധി എന്തുകൊണ്ട് ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
തിരുവനന്തപുരം:തദ്ദേശതെരഞ്ഞെടുപ്പില്‍ ഉണ്ടായത് അപ്രതീക്ഷിത ജനവിധിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍.ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ശ്രമിച്ചെന്നും എന്തുകൊണ്ട് ഇങ്ങനെ ഒരു വിധിയുണ്ടായെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ജനവിധി സൂക്ഷ്മമായി പരിശോധിക്കാം.നിലപാടിൽ തിരുത്തലുകൾ വേണമെങ്കിൽ തിരുത്തി മുന്നോട്ടു പോകും. കേരളമാകെ തെരഞ്ഞെടുപ്പ് ഫലം സമ്മിശ്രമാണ്.ബിജെപിയുടെ വരവ് നിസാരമായി കാണാൻ കഴിയില്ല. തോൽവി തോൽവി തന്നെയാണ്.തിരുവനന്തപുരത്ത് ബിജെപി അധികാരത്തിൽ വന്നത് ഗൗരവമായി പരിശോധിക്കും. സിപിഎം-ബിജെപി ഡീൽ എന്നത് വിഷയത്തിന്റെ ഗൗരവം ഇല്ലാതാക്കാനുള്ള ശ്രമമാണ്. മുസ്‍ലിം വിരുദ്ധ പ്രചാരണം ഞങ്ങൾ നടത്തിയിട്ടില്ല. മുസ്‍ലിം വിഭാഗത്തെ ചേർത്തുപിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അല്ലാതെ വരുന്ന ആരോപണങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല..'ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിൽ വമ്പൻ തിരിച്ചുവരവാണ് യുഡിഎഫ് നടത്തുന്നത്. ഫലംവന്ന അഞ്ഞൂറിലധികം പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണത്തിലേക്കാണ്.ജില്ലാപഞ്ചായത്തുകളിൽ ഏഴിടങ്ങളിലും കോർപ്പറേഷനുകളിൽ ആറിടങ്ങളിലും യുഡിഎഫ് കരുത്തുകാട്ടി. മുനിസിപ്പാലിറ്റികളിൽ 58 ഇടത്തും യുഡിഎഫിന്റെ തേരോട്ടമാണ്. എൽഡിഎഫിന്റെ പലകുത്തക പഞ്ചായത്തുകളും തകർത്ത് തരിപ്പണമാക്കിയാണ് യുഡിഎഫ് മുന്നേറുന്നത്.