'കൂടെ നിന്ന എല്ലാവരുടെയും വിജയമാണിത്'; ഉമാ തോമസ് എംഎൽഎ ആശുപത്രി വിട്ടു
ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഏതാനും ആഴ്ചകൾ കൂടി വിശ്രമം തുടരും
കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഉമാ തോമസ് എംഎൽഎ ആശുപത്രി വിട്ടു. അപകടം നടന്ന 46 ദിവസങ്ങൾക്ക് ശേഷമാണ് ഉമാ തോമസ് ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഏതാനും ആഴ്ചകൾ കൂടി വിശ്രമം തുടരും. സന്ദർശനങ്ങളിലും നിയന്ത്രണം ഉണ്ടാവും.
അപകടത്തിന് പിന്നാലെ തന്നെ എല്ലാവരും ചേർത്ത് പിടിച്ചെന്നും ഡോക്ടർമാരുടെയും കൂടെ നിന്ന എല്ലാവരുടെയും വിജയമാണിതെന്നും ഉമാ തോമസ് പ്രതികരിച്ചു. കഴിഞ്ഞ വര്ഷം ഡിസംബർ 29 നാണ് ഉമാ തോമസിന് സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റത്. കലൂരിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു നൃത്ത പരിപാടിക്കിടെയായിരുന്നു അപകടം.
തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടും അടക്കം ഗുരുതര പരിക്കുകളുമായാണ് ഉമാ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും.