വരാണസി ഹിന്ദു - മുസ്ലിം സൗഹാർദം നിലനില്‍ക്കുന്ന സ്ഥലം, പ്രശ്നമുണ്ടാക്കുന്നത് പുറത്തുനിന്നുള്ളവർ -ഗ്യാൻവാപി മസ്ജിദ് ഇമാം

‘രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യക്തിപരമായി പിന്തുണ നൽകുന്നുണ്ട്. എന്നാൽ, പരസ്യമായി ഒന്നും ചെയ്യാൻ അവർ തയ്യാറല്ല’

Update: 2024-02-15 06:55 GMT
Advertising

കോഴിക്കോട്: ഗ്യാന്‍വാപിയില്‍ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലെന്ന് ഗ്യാന്‍വാപി മസ്ജിദ് ഇമാം അബ്ദുൽ ബാത്വിൻ നുഅമാനി. വരാണസി ഹിന്ദു - മുസ് ലിം സൗഹാർദം നിലനില്‍ക്കുന്ന സ്ഥലമാണെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ഇമാം പറഞ്ഞു.

മുഗൾ ചക്രവർത്തി ഔറംഗസേബ് ക്ഷേത്രം പൊളിച്ച് പള്ളി പണിതതാണെന്ന വാദം തെറ്റാണ്. ഔറംഗസേബിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഗ്യാന്‍വാപിയില്‍ പള്ളിയുണ്ട്. 

നിലവിൽ പള്ളിയിൽ മുകളിലത്തെ നിലയിൽ നമസ്കാരം നടക്കുന്നുണ്ട്. പള്ളിയുടെ താഴെ പിറകുവശത്തായി ഒരു മുറിയിലാണ് പൂജ. നമസ്കരിക്കുന്നവർക്ക് പോകാനും പൂജ നടത്തുന്നവർക്കുമായി പ്രത്യേക വഴികളുണ്ട്.

നിലവിൽ നമസ്കാരത്തിന് ബുദ്ധിമുട്ടൊന്നും ഇല്ല. അഞ്ച് നേരവും നമസ്കാരം നടക്കുന്നുണ്ട്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് 2500 വരെ ആളുകൾ പള്ളിയിൽ എത്താറുണ്ട്.

നിയമപോരാട്ടം തുടരുകയാണ്. ഫെബ്രുവരി 15ന് കേസുമായി ബന്ധപ്പെട്ട് ഹിയറിങ് ഉണ്ട്. രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യക്തിപരമായി പിന്തുണ നൽകുന്നുണ്ട്. എന്നാൽ, പരസ്യമായി ഒന്നും ചെയ്യാൻ ആരും തയ്യാറല്ല.

മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്തിനും മുമ്പ് നിർമിച്ചതാണ് പള്ളി. അക്ബറിന്റെ കാലത്ത് ചില മാറ്റങ്ങൾ വരുത്തി. പിന്നീട് ഔറം​ഗസേബിന്റെ കാലത്തും നവീകരണങ്ങൾ നടന്നു. അന്നുള്ള അതേ ഘടനയിൽ തന്നെയാണ് പള്ളി നിലനിൽക്കുന്നത്.

വാരാണാസിയിലെ ഭൂരിപക്ഷം ഹിന്ദു വിഭാഗക്കാരും ഈ പ്രശ്നത്തിന് എതിരാണ്. ചെറിയൊരു വിഭാഗം മാത്രമാണ് പ്രശ്നക്കാർ. പുറത്തുനിന്ന് വരുന്നവർ പ്രശ്നം വലുതാക്കുകയാണ്. 1991ന് ശേഷമാണ് ഈ പ്രശ്നം രൂക്ഷമാകുന്നത്.

ബനാറസിലെ പ്രശസ്തമായ സാരി നിർമിക്കുന്നത് മുസ്‍ലിംകളാണ്. അതിന്റെ വിപണനം നടത്തുന്നത് ഹിന്ദുക്കളുമാണ്. അതിനാൽ തന്നെ ഒരു പ്രശ്നമുണ്ടാകണമെന്ന് ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല.

തീരുമാനം എന്തായാലും അല്ലാഹുവിന്റെ കൈകളിലാണ്. കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം പൊളിച്ചാണ് ഗ്യാൻവാപി മസ്ജിദ് നിർമിച്ചതെന്ന വാദം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞദിവസം അബ്ദുൽ ബാത്വിൻ നുഅമാനി വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വ വംശീയതക്കെതിരെ ജമാഅത്തെ ഇസ്‍ലാമി കോഴിക്കോട് സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാധാനാലയ നിയമം കോടതി പാലിക്കുമെന്ന് കരുതി. പക്ഷെ ഞങ്ങൾ നിരാശരല്ല. നിയമപോരാട്ടത്തിൽ വിശ്വാസമുണ്ട്. സമാധാനപരമല്ലാത്ത ഒരു മാർഗവും സ്വീകരിക്കരുതെന്ന് വാരണാസിയിലെ ജനങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളിൽ പൂജ നടന്നിരുന്നു എന്നതും തെറ്റാണ്. താൻ വാരണാസിയിൽ ജനിച്ചയാളാണ്. ഞാനോ അവിടെയുള്ള ആരെങ്കിലും അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്നും അബ്ദുൽ ബാത്വിൻ നുഅമാനി വ്യക്തമാക്കിയിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News