ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന്റെ കൂടെ നിൽക്കുമ്പോൾ മതേതരം, കോൺഗ്രസിന്റെ കൂടെ നിന്നാൽ വർഗീയം: വി.ഡി സതീശൻ
കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് വെൽഫയർ പാർട്ടിയാണെന്നും പ്രതിപക്ഷ നേതാവ്
വയനാട്: ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന്റെ കൂടെ നിൽക്കുമ്പോൾ മതേതരവും കോൺഗ്രസിന്റെ കൂടെ നിൽക്കുമ്പോൾ വർഗീയവുമാകുന്നതെങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് വെൽഫയർ പാർട്ടിയാണെന്നും സതീശൻ വ്യക്തമാക്കി.
ജമാഅത്തെ ഇസ്‌ലാമിയുമായി യാതൊരു ബന്ധവുമില്ലെന്നും പിറകെ പോയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഹിറാ സെന്ററിൽ വച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും ജമാഅത്തിന്റെ പിന്തുണ സ്വീകരിച്ചതായി പറയുന്ന ദേശാഭിമാനിയുടെ മുഖപ്രസംഗവും പിണറായിയുടെ പ്രസ്താവനയും പരാമർശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
1977 മുതൽ 2019 വരെ ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന്റെ കൂടെ ആയിരുന്നുവെന്നും 2006 മുതൽ 2011 വരെയുണ്ടാക്കിയിട്ടുള്ള ഹജ്ജ് കമ്മിറ്റിയും, സിലബസ് പരിഷ്‌കരണ കമ്മിറ്റിയുമടക്കമുള്ള പല സർക്കാർ കമ്മിറ്റികളിലും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളെയാണ് നിയമിച്ചതെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണെന്നും കോൺഗ്രസിന്റെ കൂടെ നിൽക്കുമ്പോൾ മാത്രമാണ് ജമാഅത്തെ ഇസ്‌ലാമി വർഗീയമാകുന്നതെന്നും അതെങ്ങനെയാണെന്നും സതീശൻ ചോദിച്ചു.
ഹിറാ സെന്ററിൽ പിണറായി വിജയനെത്തി ജമാഅത്ത് നേതാക്കളെ കണ്ടിട്ടുണ്ട്. മഅ്ദനിയെ പിടിച്ചുകൊടുത്തത് തങ്ങളാണെന്ന് നായനാർ അവകാശപ്പെടുന്നു. ആ മഅ്ദനിയെ കാത്ത് ഒരു മണിക്കൂർ ഇരുന്നയാളാണ് പിണറായിയെന്നും പറഞ്ഞ സതീശൻ എസ്ഡിപിഐയുടെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്നവരാണ് സിപിഎമ്മെന്നും ആരോപിച്ചു.