രാഹുലിനെതിരായ പുതിയ പരാതി ചർച്ച ചെയ്യും, സംരക്ഷിക്കില്ലെന്ന് വി.ഡി സതീശൻ; നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്ന് ഷാഫി പറമ്പിൽ
രാഹുൽ വിഷയം ശബരിമല സ്വർണക്കാള്ള മറയ്ക്കാനുള്ള തന്ത്രമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ പരാതി ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കില്ല. മുമ്പ് പാർട്ടിയുടെ മുന്നിലൊരു പരാതി പോലും വരാതെ മാതൃകാപരമായ നടപടിയെടുത്തു. തെറ്റ് ചെയ്താൽ അതിൽ പൊലീസ് അന്വേഷണം നടത്തി തീരുമാനമെടുക്കണം. രാഹുൽ വിഷയം ശബരിമല സ്വർണക്കാള്ള മറയ്ക്കാനുള്ള തന്ത്രമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
രാഹുലിനെതിരെ രേഖാമൂലമുള്ള പരാതികൾ വരുന്നതിന് മുമ്പു തന്നെ പാർട്ടി നടപടിയെടുത്തെന്നും സസ്‌പെൻഷൻ കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. കെപിസിസിക്ക് ലഭിച്ച പുതിയ പരാതി പാർട്ടി അന്വേഷിക്കുമെന്നോ തീരുമാനമെടുക്കുമെന്നോ അല്ല പറഞ്ഞത്. പരാതിയിൽ നിയമനടപടിക്ക് പൊലീസ് മേധാവിക്ക് കൈമാറുകയാണ് ചെയ്തത്.
സിപിഎം കൈകാര്യം ചെയ്യുന്ന പോലെയല്ല, നിയമപരമായി തന്നെ കാര്യങ്ങൾ നടക്കട്ടെ. ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഎം നൽകിയില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കും ഘടകകക്ഷികൾക്കുമുണ്ട്. അതിനാൽ കടുത്ത നടപടികളിലേക്ക് നീങ്ങണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ ഉയർന്നുകഴിഞ്ഞു. വി.ഡി സതീശനും സണ്ണി ജോസഫും തമ്മിൽ ഇതുസംബന്ധിച്ച് ചില പ്രാഥമിക ആശയവിനിമയങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.
രണ്ട് സാധ്യതകളാണ് പാർട്ടിക്ക് മുന്നിലുള്ളത്. പൂർണമായും പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് ഒന്നാമത്തേത്. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയാണ് മറ്റൊന്ന്. എന്നാൽ രാഹുൽ ഒളിവിലായതിനാൽ അതിന് സാധിക്കില്ല. ഈ സാഹചര്യത്തിൽ, രാഹുലിനുള്ള പാർട്ടി പൂർണമായി പിന്തുണ പിൻവലിച്ചു എന്ന് വ്യക്തമാക്കി സ്പീക്കർക്ക് കത്ത് നൽകി അയോഗ്യനാക്കാനാക്കുള്ള നടപടികളിലേക്ക് പോവുക എന്നതാണ് മറ്റൊരു സാധ്യത.
അടുത്തദിവസങ്ങളിൽ രാഹുലിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെ ഈയൊരു വിഷയം കൊണ്ട് പാർട്ടിക്ക് തിരിച്ചടിയുണ്ടാവരുതെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്. അതിനാൽ കടുത്ത തീരുമാനത്തിലേക്ക് പോകാനാണ് നീക്കം. അതിന്റെ ഭാഗമായി തന്നെയാണ് അടുത്ത നേതാക്കൾ പോലും പ്രത്യക്ഷമായോ പരോക്ഷമായോ രാഹുലിനെ അനുകൂലിക്കാൻ തയാറാവാതിരിക്കുന്നതെന്നാണ് വിവരം. നാളെ രാവിലെ പത്തരയ്ക്ക് കെപിസിസി അധ്യക്ഷന്റെ വാർത്താസമ്മേളനം നടക്കും. ഇതിനു മുമ്പ് രാഹുലിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.