എം.സി ജോസഫൈന്‍റെ രാജി; ഉചിതമായ തീരുമാനമെന്ന് വി.ഡി സതീശന്‍

ന്യായീകരണം വിലപ്പോവാതെ വന്നതു കൊണ്ടാണ് രാജി വെച്ചതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

Update: 2021-06-25 09:15 GMT
Advertising

എം.സി ജോസഫൈൻ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം ആദ്യം ജോസഫൈനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ന്യായീകരണം വിലപ്പോവാതെ വന്നതുകൊണ്ടാണ് രാജി വെച്ചതെന്നും സതീശൻ പറഞ്ഞു. 

നിരന്തരമായി വിവാദ പ്രസ്താവനകള്‍ നടത്തി കമ്മിഷന്‍റെ ഔന്നിത്യത്തെയും വിശ്വാസ്യതയെയും തകര്‍ത്തയാളാണ് ജോസഫൈന്‍. സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനമനുഭവിക്കുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് താങ്ങും തണലുമാകേണ്ട വനിത കമ്മിഷന്‍ പോലുള്ള ഒരു സ്ഥാപനത്തിന്‍റെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് ആ സ്ഥാപനത്തിന്‍റെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്നതാണ്. രാജിവെക്കാനുള്ള തീരുമാനം കുറച്ചുകൂടി നേരത്തെയാകാമായിരുന്നെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

ചാനൽ പരിപാടിക്കിടെ ​ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നത്. 11 മാസകാലാവധി നിലനിൽകെയാണ് വനിത കമ്മീഷനില്‍ നിന്നും എം.സി ജോസഫൈന്‍ രാജി വെച്ചത്. 

വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍ വിശദീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News