തൃശൂർപൂരം കുടയിൽ സവർക്കറുടെ ചിത്രവും; സംഘ്പരിവാർ നുഴഞ്ഞുകയറ്റമെന്ന് ആക്ഷേപം- വ്യാപക വിമർശനം

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയവർക്കൊപ്പമാണ് വി.ഡി സവർക്കറുടെയും ചിത്രം കുടകളിൽ ആലേഖനം ചെയ്തിരിക്കുന്നത്

Update: 2022-05-08 10:47 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: സാംപിൾ വെടിക്കെട്ടിന് ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ തൃശൂർപൂരത്തിൽ വിവാദം. പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയാറാക്കിയ കുടകളിൽ സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറുടെ ചിത്രവും ഉൾപ്പെടുത്തി. സ്വാതന്ത്ര്യ സമരസേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്.

സവർക്കറുടെ ചിത്രങ്ങളടങ്ങിയ കുടകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങി വിവിധ തലങ്ങളിൽ ശ്രദ്ധേയരായ വ്യക്തികൾക്കൊപ്പമാണ് വി.ഡി സവർക്കറുടെയും ചിത്രം കുടകളിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ വൻ വിമർശനമുയരുകയാണ്.

പൂരത്തിന്റെ കുടമാറ്റക്കുടയിലൂടെ സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ട് വിമർശിച്ചു. ''സ്വതന്ത്ര സമര പോരാട്ട നാളുകളിൽ ഹിന്ദു രാഷ്ട്രവാദി ആയിരുന്നവൻ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിനൽകി, ബ്രിട്ടീഷ് സാമ്രാജ്യത്തോട് എന്നും വിധേയനാകുമെന്നു പ്രഖ്യാപിച്ച് ജയിൽമോചിതനായി ഗാന്ധി, നെഹ്‌റു തുടങ്ങിയവർ നയിച്ച സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പുറംതിരിഞ്ഞുനിന്ന സവർക്കറെ വെള്ളപൂശാൻ സ്വാതന്ത്ര്യ സമര പോരാളികൾ, സമൂഹിക പരിഷ്‌കർത്താക്കൾ എന്നിവർക്കൊപ്പം ചിത്രം ആലേഖനം ചെയ്താൽ ഇന്നലെകളിലെ സത്യം സത്യമായി നിലനിൽക്കുമെന്ന് പറയാൻ ആഗ്രഹിക്കുന്നു.''- അദ്ദേഹം ചൂണ്ടിക്കാട്ടി.

Full View

ഇന്നവർ പൂരത്തിന്റെ കുടമാറ്റക്കുടയിലൂടെ പരിവാർ അജണ്ട തുടങ്ങിവയ്ക്കുന്നു. തൃശൂരിൽ വരുംകാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം. ദേവസ്വം ഭാരവാഹികളുടെ ഇത്തരം നടപടികൾ അപലപനീയമാണെന്നും അഡ്വ. പ്രമോദ് ചൂരങ്ങാട്ട് കുറിച്ചു.

Full View

ഇന്ന് രാത്രിയാണ് തൃശ്ശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് നടക്കുന്നത്. രാത്രി ഏഴു മണിക്ക് പാറമേക്കാവ് ദേവസ്വവും എട്ടു മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരികൊളുത്തും. വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകീട്ട് നാലുമണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെ ആരംഭിച്ചിട്ടുണ്ട്.

Summary: VD Savarkar's picture on Thrissur pooram umbrella; widespread criticism alleging Sangh Parivar influence in the festival

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News