'ആര്‍എസ്എസുകാര്‍ അപമാനപ്പെടുത്തുന്നു, പ്രശ്നങ്ങൾ ഉണ്ടാക്കുന്നു'; തോൽ തിരുമാവളവൻ എംപിയോട് വേടന്‍
വേടന്‍റെ പാട്ടുകൾ വിപ്ലവകരമാണെന്നായിരുന്നു എംപിയുടെ അഭിപ്രായം
തൃശൂര്‍: വിടുതലൈ ചിരുതൈഗൾ കട്ച്ചി (വിസികെ) നേതാവും എംപിയുമായ തോൽ തിരുമാവളവനോട് ഫോണിൽ സംസാരിച്ച് റാപ്പര്‍ വേടൻ. വീഡിയോ കോളിലൂടെയായിരുന്നു സംഭാഷണം.
വേടന്‍റെ പാട്ടുകൾ വിപ്ലവകരമാണെന്നായിരുന്നു എംപിയുടെ അഭിപ്രായം. തങ്ങൾ 35 വര്‍ഷമായി പറയുന്ന രാഷ്ടീയം വേടൻ രണ്ട് നിമിഷത്തിൽ പാട്ടിലൂടെ പറഞ്ഞതായും തിരുമാവളവൻ ചൂണ്ടിക്കാട്ടി. ' ഭൂമീ ഞാൻ വാഴുന്നിടം അനുദിനം നരകമായ് മാറുന്നിടം' എന്ന വേടന്‍റെ പാട്ടിനെക്കുറിച്ചും എംപി പരാമര്‍ശിച്ചു. ആര്‍എസ്എസുകാര്‍ അപമാനപ്പെടുത്തുന്നുവെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും വേടൻ പറഞ്ഞപ്പോൾ അതിൽ ഭയപ്പെടരുതെന്നും എല്ലാവരും കൂടെയുണ്ടെന്നുമായിരുന്നു എംപിയുടെ മറുപടി. വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ എന്ന് പേർ കേട്ടാൽ ഹിന്ദു വംശീയ വാദികൾക്ക് ഉൾക്കിടിലം ഉണ്ടാകുമെന്നും വേടൻ പറഞ്ഞു.
തമിഴ്‌നാട്ടിലെ ദലിത് പ്രശ്നങ്ങളിൽ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന നേതാവാണ് തിരുമാവളവൻ.ജാതി മേൽക്കോയ്മക്കെതിരെ നിരന്തരം പടവെട്ടുന്നയാൾ. 90കളിലാണ് അദ്ദേഹം ദലിത് നേതാവ് എന്ന നിലയിൽ ശ്രദ്ധ നേടുന്നത്. തമിഴ്നാട്ടിലെ ചിദംബരത്ത് നിന്നുള്ള എംപിയാണ് അദ്ദേഹം.
അതേസമയം വേടനെതിരെ സംഘപരിവാര്‍ ആക്രമണം തുടരുകയാണ്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാര്‍ പരാതി നൽകിയിരുന്നു. തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നായിരുന്നു വേടന്‍റെ പ്രതികരണം. വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്‍.ആര്‍ മധു ആരോപിച്ചിരുന്നു. വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദ് വളര്‍ത്തുന്നുവെന്ന ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയും രംഗത്തെത്തിയിരുന്നു.