Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന അപകടത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നാണ് ആദ്യമറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
രക്ഷ പ്രവര്‍ത്തനത്തിന് ജെസിബി എത്തിക്കാന്‍ പ്രയാസം ഉണ്ടായി. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികമായി പ്രതികരിച്ചത്. തകര്‍ന്നത് മെഡിക്കല്‍ കോളേജിലെ ഏറ്റവും പഴയ കെട്ടിടമാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
'സര്‍ജിക്കല്‍ ബ്ലോക്കിലെ കെട്ടിടമാണ് തകര്‍ന്നത്. മുഖ്യമന്ത്രിയുടെ മേഖല തല അവലോകന യോഗത്തിലായിരുന്നു മന്ത്രിമാര്‍. ഉടന്‍ സംഭവ സ്ഥലത്ത് ഞങ്ങള്‍ എത്തി. നടുമുറ്റം പോലുള്ള ഭാഗത്താണ് കെട്ടിടം തകര്‍ന്നത്. കെട്ടിടം കാലപ്പഴക്കം കൊണ്ട് അപകട അവസ്ഥയിലാണ് എന്ന് കണ്ടെത്തിയിരുന്നു. ഉപയോഗിക്കാന്‍ കഴിയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
ഫയര്‍ഫോഴ്‌സ് അവിടെ ഉണ്ടായിരുന്നു. 68 വര്‍ഷം മുമ്പുള്ള കെട്ടിടമല്ലേ. മെഡിക്കല്‍ കോളജ് തുടങ്ങുന്ന കാലഘട്ടത്തില്‍ നിര്‍മിച്ച ബില്‍ഡിങ്ങാണ്. റോഡില്ലാത്തതിനാല്‍ ബില്‍ഡിങ്ങിന്റെ ഉള്ളിലൂടെ മെഷിന്‍ എങ്ങനെ എത്തിക്കാമെന്ന് ഞങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ആരെങ്കിലും അകപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനാണ് മെഷിന്‍ അവിടേക്ക് എത്തിച്ചത്. കെട്ടിട അവശിഷ്ടങ്ങള്‍ പിന്നീടും മാറ്റാവുന്നതാണല്ലോ. അപകടം നടന്ന് മിനിറ്റുകള്‍ക്ക് ഉള്ളില്‍ മെഷിന്‍ എത്തിച്ചു. ഞാനും മന്ത്രിയും എത്തിയതുമുതല്‍ ആ നടപടിയിലേക്കാണ് കടന്നത്.
ഞാന്‍ വന്ന് നിന്ന ഉടനെയാണ് എന്നോട് കാര്യങ്ങള്‍ ചോദിച്ചത്. ആ ഘട്ടത്തില്‍ എന്നോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറുപടി പറഞ്ഞത്. ആളുകള്‍ അതിന് ഇടയില്‍ ഇറങ്ങി പരിശോധിച്ചുവെന്നും പറഞ്ഞിരുന്നു. ഒരു ചര്‍ച്ചക്ക് ശേഷമല്ല ഞാന്‍ പ്രതികരിച്ചു. ഈ കാര്യങ്ങളെല്ലാം പരിശോധിക്കാമെന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. ,'' മന്ത്രി പറഞ്ഞു.