മൻസൂർ വധക്കേസിലെ പത്താം പ്രതിയുടെ വീട് തീവെച്ചു നശിപ്പിച്ചു

സി.പി.ഐ.എം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായ പി.പി ജാബിറിന്റെ വീടിനാണ് തീവെച്ചത്. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂർണ്ണമായും കത്തിനശിച്ചു

Update: 2021-04-27 03:08 GMT

മൻസൂർ വധക്കേസിലെ പത്താംപ്രതിയുടെ വീട് തീവെച്ച് നശിപ്പിച്ചു. സി.പി.ഐ.എം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായ പി പി ജാബിറിന്റെ വീടിനാണ് തീവെച്ചത്. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂർണ്ണമായും കത്തി നശിച്ചു. ചൊക്ലി പോലീസും, ഫയർ സർവ്വീസും എത്തിയാണ് തീ അണച്ചത്. രാത്രി ഒന്നരമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ പിന്‍ഭാഗം കത്തിനശിച്ചു. പിറകുവശത്തെ ഷെഡില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി.

വലിയ സ്‌ഫോടനത്തോടെയാണ് തീപടര്‍ന്നുപിടിച്ചതെന്നാണ് വീട്ടിലുള്ളവര്‍ പറയുന്നത്. ചൊക്ലി പൊലീസു ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്ര പ്രദേശമായതിനാല്‍ ലീഗുകാരാണ് തീയിട്ടതെന്ന് സി.പി.എം ആരോപിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് ജാബിര്‍. ജാബിറിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ജാബിറിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ലീഗ് നേതൃത്വം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് അക്രമണം നടന്നത്. അതേസമയം ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായാണ് പൊലീസ് പറയുന്നത്.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News