വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും പൊലീസ് മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഷെമിയുടെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി അഫാന്‍റെ മാതാവ് ഷെമിയിൽ നിന്ന് ഇന്ന് അന്വേഷണസംഘം മൊഴിയെടുക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും പൊലീസ് മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഷെമിയുടെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് മൊഴിയെടുക്കുന്നത്.
കേസിന്‍റെ തുടർ നീക്കങ്ങൾക്ക് ഷെമിയുടെ മൊഴി നിർണായകമാകും. പ്രതി അഫാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. രണ്ടുദിവസത്തിനകം പൊലീസ് പ്രതിക്കുവേണ്ടി കസ്റ്റഡി അപേക്ഷ നൽകും. നിലവിൽ പാങ്ങോട് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മെഡിക്കൽ ബോർഡ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതിയെ ജയിലിലേക്ക് മാറ്റുന്നത്.