ബലാത്സംഗ കേസ്: തെറ്റ് ചെയ്തിട്ടില്ലെന്നും താൻ ഇരയെന്നും വിജയ് ബാബു, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി

"പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിലുള്ള നിയമനടപടികൾ നേരിടാൻ തയ്യാർ"

Update: 2022-04-26 22:10 GMT
Editor : André | By : Web Desk

തനിക്കെതിരായ ബലാത്സംഗ കേസിനു പിന്നാലെ താൻ നിരപരാധിയാണെന്നവകാശപ്പെട്ട് നടനും നിർമാതാവുമായ വിജയ് ബാബു. തനിക്കെതിരെ കോഴിക്കോട് സ്വദേശിനി നൽകിയ പരാതി വ്യാജമാണെന്നും താനാണ് ഇരയെന്നും വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ അവകാശപ്പെട്ടു. പരാതി നൽകിയ യുവതിയുടെ പേരും ഇയാൾ ലൈവിൽ വെളിപ്പെടുത്തി.

"തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതി. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നുറപ്പുണ്ട്. ഇവിടെ ഇര ഞാനാണ്. എന്റെ പേര് പുറത്തുവന്നു. എനിക്കെതിരെ പരാതി നൽകിയ കക്ഷിയുടെ പേരും പുറത്തുവരണം. എന്റെ ഭാര്യയും അമ്മയും സുഹൃത്തുക്കളും വിഷമിച്ചിരിക്കുമ്പോൾ, ഇരയായ ഞാൻ വിഷമിച്ചിരിക്കുമ്പോൾ നിയമസംവിധാനം ഇര എന്ന് വിശേഷിപ്പിക്കുന്ന വ്യക്‌തി സുഖമായി ഇരിക്കുന്നു. ഇത് എവിടത്തെ ന്യായമാണ്?" വിജയ് ബാബു പറഞ്ഞു.

Advertising
Advertising

തന്നെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന ചില "അട്ടകൾ" ആണ് പരാതി നൽകിയ വ്യക്തിക്കു പിറകിൽ ഉള്ളതെന്നും, അവരെ വർഷങ്ങളായി അറിയാണെന്നും വിജയ് ബാബു പറഞ്ഞു. ഇരയുടെ പേര് വെളിപ്പെടുത്തുന്നതു കാരണമുണ്ടാകുന്ന നിയമനടപടികൾ താൻ നേരിടും. തന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഉണ്ടായ വിഷമത്തെക്കാൾ വലുതല്ല നേരിടേണ്ടി വരുന്ന കേസ്. നിയമനടപടികൾ മാസങ്ങൾ നീണ്ടുപോയി, ഒടുവിൽ വിജയ് ബാബു രക്ഷപ്പെട്ടു എന്ന് ചെറിയ വാർത്ത വരാൻ കാത്തുനിൽക്കുന്നില്ല. - വിജയ് ബാബു ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. പരാതിക്കാരി താനുമായി ചാറ്റ് നടത്തിയിട്ടുണ്ടെന്നും അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവിടാൻ ഒരുക്കമാണെന്നും ഇയാൾ അവകാശപ്പെട്ടു.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് വിജയ് ബാബു പലതവണ ബലാൽസംഗം ചെയ്തുവെന്നും പരിക്കേല്പിച്ചുവെന്നുമുള്ള യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.   കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ,ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.


Also Read:നടൻ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News