ലൈംഗിക പീഡനക്കേസ്, വിവാദ വീഡിയോ പിൻവലിച്ച് വിജയ് ബാബു

ബലാത്സംഗകേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന കോടതി ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്

Update: 2022-04-27 12:44 GMT
Editor : abs | By : Web Desk

ബലാത്സംഗ കേസിൽ പ്രതിയായ നിർമാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോ ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വന്നത്. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും താരം പറഞ്ഞു. ഫൈറ്റ് ചെയ്യാൻ റെഡിയാണെന്നും പരാതിക്കരിയുടെ മെസ്സേജുകൾ തന്റെ കൈവശമുണ്ടെന്നും വ്യക്തമാക്കി.  വീഡിയോക്ക് ആറ് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരുണ്ടായിരുന്നു. അതേസമയം ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ താരത്തിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് കൊച്ചി ഡി.സി.പി വ്യക്തമാക്കി.

Advertising
Advertising

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ എറണാകുളം തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്നലെ രാത്രിയോടെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് ലൈവിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. ബലാത്സംഗകേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന കോടതി ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്.

പരാതിക്കാരിയെ  പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയമാണെന്നും നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ഡബ്ല്യൂ.സി.സി  പറഞ്ഞു. നിയമ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്‍റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്നും ഡബ്ല്യൂ.സി.സി ആരോപിച്ചു.

അതിനിടയിൽ, വിജയ് ബാബുവിനെതിരേ നല്‍കിയ ലൈംഗിക പീഡന കേസിൽ വിശദീകരണവുമായി പരാതിക്കാരിയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പരാതിക്കാരി തനിക്കു പറയാനുള്ള കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ പെൺകുട്ടി ഉന്നയിച്ചത്. സിനിമയിലെ തന്റെ രക്ഷകനും സുഹൃത്തും കാമുകനുമായി നടിച്ചായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു. മദ്യവും ലഹരി മരുന്നുകളും നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചു. ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിലുണ്ട്. സെക്സ് നിഷേധിച്ചതിന് അടിവയറ്റിൽ ചവിട്ടുകയും, മുഖത്ത് തുപ്പുകയും ചെയ്തു. പരാതിയുടെ വിശദാംശങ്ങൾ ഫെസ്ബുക്കിലും പെൺകുട്ടി പങ്കുവെച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ ഭാരവാഹിയാണ് വിജയ്ബാബു.

അതേസമയം, വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. വെള്ളിയാഴ്ചയാകും കോടതി ഹരജി പരിഗണിക്കുക. പരാതിക്കാരിയുടെ ആരോപണം അടിസ്ഥന രഹിതമാണെന്നാണ് വാദം. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരെ തേവര പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. പരാതി നൽകി എന്നറിഞ്ഞതിനു പിന്നാലെ വിജയ് ബാബു ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾക്കായി ഗോവയിൽ അടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News