'രഹസ്യമായി നല്‍കിയ പരാതിയായിരുന്നു, നടന്റെ പേര് പുറത്ത് വിട്ടവർക്ക് എന്‍റെ അത്രപോലും ബോധമില്ലേ?; വിൻസി അലോഷ്യസ്
'പേര് പുറത്ത് വന്നത് മറ്റുള്ള സിനിമാക്കാരെ കൂടി ബാധിക്കും'
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്ത് വന്നതിനെക്കുറിച്ച് അറിയില്ലെന്ന് നടി നടി വിൻസി അലോഷ്യസ്. 'പരാതി നല്‍കിയ സംഘടനകളിലെ ആളുകള്‍ തന്നെയാണ് പേര് പുറത്ത് വിട്ടത്. തന്‍റെ അത്രയും ബോധം സംഘടനയില്‍പ്പെട്ടവര്‍ക്കില്ലേയെന്നും വിന്‍സി ചോദിച്ചു.
രഹസ്യമായ പരാതിയായിരുന്നു ഫിലിം ചേംബറിനും ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റിക്കും നല്‍കിയത്. പേര് പുറത്ത് വിടരുതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അത് ഞങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു അവരില്‍ നിന്ന് ലഭിച്ചത്.ആ ആളുകള്‍ തന്നെയാണ് നടന്‍റെ പേര് പുറത്ത് വിട്ടത്. പേര് പുറത്ത് വിട്ടത് ആരെന്ന് അറിയാം. പേര് പുറത്ത് വന്നത് ഇയാളെ വെച്ചെടുക്കുന്ന പകുതിക്ക് വെച്ച് നിൽക്കുന്ന സിനിമകളെയും റിലീസിനൊരുങ്ങുന്ന സിനിമകളെയും ബാധിക്കും.നിഷ്കളങ്കരായ എത്ര പേരെയാണ് ഇത് ബാധിക്കുക'.വിന്‍സി മാധ്യമങ്ങളോട് പറഞ്ഞു.
ഷൈൻ ടോമിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും സംഘടനയ്ക്ക് അകത്ത് പരാതി നൽകിയിട്ടുണ്ടെന്നും വിൻസി പറഞ്ഞു. എന്‍റെ പരാതിയുടെ പുറത്ത് ഇതൊന്നും സിനിമകളെ ബാധിക്കരുത്. അത് ന്യായമല്ല എന്നെനിക്ക് തോന്നി. അതുകൊണ്ടാണ് നടന്‍റെ പേര് എവിടെയും പരാമര്‍ശിക്കാത്തതെന്നും വിന്‍സി പറഞ്ഞു. താരസംഘടനയായ അമ്മയിലുള്ളവരും തന്നെ ബന്ധപ്പെട്ടിരുന്നെന്നും വിന്‍സി പറഞ്ഞു. സിനിമസെറ്റിൽ മറ്റൊരു നടിയോട് നടൻ ഷൈൻ ടോം ചാക്കോ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും അവരും വളരെ വിഷമത്തോടെയാണ് സെറ്റില്‍ നിന്ന് പോയതെന്നും വിന്‍സി പറഞ്ഞു.
അതിനിടെ ഷൈൻ ടോം ചാക്കോയെ വേട്ടയാടുകയാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.പത്തുകൊല്ലമായി വേട്ടയാടൽ തുടരുകയാണ്. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻസിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നതെന്നും അന്നൊന്നും പരാതി പറഞ്ഞിരുന്നില്ലെന്നും ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോ പറഞ്ഞു.