കനത്ത മഴ: വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം; വെള്ളക്കെട്ട്; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി.

Update: 2024-05-23 01:56 GMT
Advertising

കോഴിക്കോട്: കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. എറണാകുളത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് മതിൽ തകർന്നുവീണും തെങ്ങ് വീണും രണ്ട് പേർക്ക് പരിക്കേറ്റു. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.

കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. ഐസിയിവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാർഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടർന്ന് ലിഫ്റ്റ് പ്രവർത്തന രഹിതമായി. പന്തീരങ്കാവ് കൊടൽനടക്കാവിൽ ദേശീയപാതയിൽ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണു.

ആംബുലൻസ് കടന്നുപോവുന്നതിടെയാണ് മതിൽ തകർന്നു വീണത്. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. നിർത്താതെ പെയ്ത മഴയിൽ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ വലച്ചു. മാവൂർ റോഡ്, കോട്ടൂളി, പൊറ്റമ്മൽ, തൊണ്ടയാട് ബൈപ്പാസ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

നാദാപുരം തുണേരിയിൽ കൂറ്റൻ മതിൽ റോഡിലേക്ക് തകർന്നു വീണു. തുണേരി തണൽമരം- കോളോത്ത് മുക്ക് റോഡിലേക്കാണ് മതിൽ തകർന്നു വീണത്. താമരശേരിയിൽ വീടിന്റെ ചുറ്റുമതിൽ മുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിലേക്ക് വീണു. വടക്കെ തോട്ടപറമ്പിൽ സി. മനോജ് കുമാറിന്റെ വീടിനു ചുറ്റുമതിലാണ് തകർന്നത്. അരൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണ് ഒരാൾക്ക് പരിക്കേറ്റു. ഹരിത വയലിലെ മലന്റ പറമ്പത്ത് ഭാസ്കരനാണ് പരിക്കേറ്റത്. വെള്ളം കയറിയതിനെ തുടർന്ന് പന്തീരങ്കാവ് യു.പി സ്കൂൾ റോഡിൽ ആറു വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എറണാകുളത്ത് തുടർച്ചയായി പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കളമശേരിയിൽ 20ലേറെ വീടുകളിൽ വെള്ളം കയറി. കെഎസ്ആർടിസി ബസ് സ്റ്റാന്റ് വെളളത്തിൽ മുങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇടപ്പള്ളി, കുണ്ടന്നൂർ, കടവന്ത്ര, എം.ജി.റോഡ്, കാക്കനാട് ഇൻഫോ പാർക്ക് പരിസരം എന്നിവിടങ്ങളിലും വെള്ളം കയറി. കാക്കനാട് ഇൻഫോ പാർക്ക് പ്രദേശത്താണ് കൂടുതൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.

എറണാകുളം പൂത്തോട്ടയിലാണ് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചത്. പൂത്തോട്ട പുന്നയ്ക്കാവെളി സ്വദേശി സരസനാണ് മരിച്ചത്. പുല്ല് ശേഖരിക്കാനായി പോയ സരസന്റെ വള്ളം കനത്ത കാറ്റിലും മഴയിലുംപെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശക്തമായ മഴയിൽ തൃശൂർ നഗരത്തിലെ വിവിധയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിലും പുറകുവശത്തെ വീടുകളിലും വെള്ളം കയറി. ജില്ലയിലെ മലയോര മേഖലകളിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. കോർപ്പറേഷൻ പരിധിയിലുണ്ടായ വെള്ളക്കെട്ടിന് കാരണം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമല്ലാത്തതിനാലെന്ന് പ്രതിപക്ഷം ആരോപിച്ചു.

നാലു മണിക്കൂറോളം അതിശക്തമായ മഴയാണ് തൃശൂർ നഗരത്തിൽ പെയ്തത്. മഴയുടെ ആദ്യ മണിക്കൂറുകളിൽ തന്നെ നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ബിഷപ്പ് പാലസിന് സമീപം മതിൽ ഇടിഞ്ഞു വീണു.

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തിരുമുറ്റത്ത് വെള്ളം കയറി. കിഴക്ക് തെക്ക് നടൽ പന്തലുകളിൽ വെള്ളം കയറി. ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News