വയനാട്ടിലെ സംഘർഷം: കത്തിയെടുത്ത വനപാലകനെതിരെ നടപടിയില്ല; കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ കേസ്

മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ ഗുരുതരവകുപ്പ് ഉൾപ്പടെ അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തത്

Update: 2021-12-18 04:09 GMT
Advertising

വയനാട്ടിൽ കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയിൽ നഗരസഭാ കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ ചേർത്ത് കേസെടുത്തു. എന്നാൽ കൗൺസിലറെ ആക്രമിക്കാൻ അരയിൽ നിന്നും കത്തിയെടുക്കാൻ ശ്രമിച്ച വനപാലകനെതിരെ നടപടിയില്ല. മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ ഗുരുതരവകുപ്പ് ഉൾപ്പടെ അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പൊലിസ് കേസെടുത്തത്.

കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കടുവയെ കണ്ട കാര്യം വിളിച്ചറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്താൻ വൈകിയതിനെ ചോദ്യം ചെയ്തതോടെയാണ് വനപാലകരും സ്ഥലം കൗൺസിലർ കൂടിയായ വിപിൻ വേണുഗോപാലടക്കമുള്ള പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയുമുണ്ടായത്. ഇതിനെ തുടർന്ന് സ്ഥലത്തുണ്ടായ വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രനാഥ് നൽകിയ പരാതിയിലാണ് വിപിനെതിരെ കേസെടുത്തത്. എന്നാൽ വിപിനെ ആക്രമിക്കാൻ അരയിൽ നിന്നും കത്തിയെടുക്കാൻ ശ്രമിച്ച വനപാലകനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്.

വയനാട് കുറുക്കൻമൂലയിൽ കടുവയ്ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നഗരസഭ കൗൺസിലടക്കമുള്ള നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തർക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെ പുലർച്ചെ കടുവയെ കണ്ടതായി വിദ്യാർഥിനി അറിയിച്ച പയ്യമ്പള്ളി പുതിയിടത്ത് തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ സംഘടിച്ചെത്തിയത്. വനപാലകരുമായുള്ള സംസാരം വാക്ക് തർക്കത്തിലേക്ക് കടന്നു. തർക്കം രൂക്ഷമായതോടെ കയ്യാങ്കളിയായി. ഉയർന്ന ഉദ്യോഗസ്ഥരോട് ഉച്ച ഉയർത്തി സംസാരിച്ചെന്ന് ആരോപിച്ച് മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.

സ്ഥലത്തെത്തിയ ഡി.എഫ്.ഒമാരെയടക്കം നാട്ടുകാർ തടഞ്ഞു. സംഘർഷത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽനിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കറുത്ത ടീഷർട്ട് ധരിച്ച വ്യക്തി അരയിലുള്ള കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്നതും മറ്റ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലത്തെത്തിയ ഒ.ആർ. കേളു എം.എൽ.എ വനംവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ചു.


A non-bailable case has been registered against a municipal councilor on a complaint lodged by a forest department official in connection with a tiger poaching incident in Wayanad.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News