കടുവയെ നരഭോജിയായി പ്രഖ്യാപിക്കും, ഉടൻ വെടിവെക്കും : വനം മന്ത്രി എ.കെ ശശീന്ദ്രൻ
വയനാടിന് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു
കൽപ്പറ്റ : പഞ്ചാരക്കൊല്ലിയിലിറങ്ങിയ കടുവയെ നരഭോജിയായി പ്രഖ്യാപിക്കുമെന്നും അനുകൂല സാഹചര്യം കിട്ടിയാൽ വെടിവെക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
നരഭോജി കടുവയെ മയക്കുമരുന്ന് വെടി വെക്കാതെ നേരിട്ട് വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ മാത്രം 100 കാമറ സ്ഥാപിക്കുമെന്നും നാട്ടുകാർക്കു കൊടുത്ത ഉറപ്പ് ഒരാഴ്ചക്കകം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ ആക്രമിക്കുന്നത്. അതിന് ശേഷം രണ്ട് തവണയായി നാട്ടുകാർ കടുവയെ കണ്ടിരുന്നു. ഇന്ന് രാവിലെ ദ്രുതകർമ സേനാംഗത്തിന് നേരെയും കടുവയുടെ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ. കടുവയെ കണ്ടാൽ വെടിവെച്ച് കൊല്ലണമെന്നും നാട്ടുകാർ പ്രതികരിച്ചു.