വഖഫ് സ്വത്തുക്കളുടെ വിവരം ഉമീദ് പോർട്ടലിൽ ഉടൻ അപ്‌ലോഡ് ചെയ്യണമെന്ന ഉത്തരവ് ദുരുദ്ദേശ്യം: വെൽഫെയർ പാർട്ടി
വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആരോപിച്ചു
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ വഖഫ് സ്വത്തുക്കളുടെ വിവരം ഡിസംബർ അഞ്ചിനകം കേന്ദ്ര സർക്കാർ രൂപീകരിച്ച ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് ദുരുദ്ദേശ്യപരമാണെന്ന് വെൽഫെയർ പാർട്ടി. വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആരോപിച്ചു.
അടിയന്തരമായി വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശം അനവധി വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനായുള്ള ഗൂഢാലോചനയാണ്. ഡിസംബർ അഞ്ച് എന്ന തൊട്ടടുത്തുള്ള തീയതിയിൽ അപ്‌ലോഡ് ചെയ്യപ്പെടാതെ പോകുന്ന സ്വത്തുക്കൾ വഖഫ് അല്ലാതെ പ്രഖ്യാപിക്കപ്പെടും. മുസ്‌ലിം ജനവിഭാഗങ്ങളുടെ സമ്പത്തും സ്വത്തുവകകളും തകർക്കുകയെന്ന വഖഫ് ഭേദഗതി നിയമത്തിന്റെ ഭാഗമായുള്ള ഗൂഢാലോചന തന്നെയാണ് ഇതിന് പിന്നിലും ഉള്ളതെന്ന് റസാഖ് പാലേരി പറഞ്ഞു.
അപ്‌ലോഡിങ് വർക്ക് എങ്ങനെ ചെയ്യണമെന്നത് സംബന്ധിച്ച പരിശീലനം നൽകാൻ വഖ്ഫ് ബോർഡ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഡിസംബർ അഞ്ചിന് അടുത്ത ദിവസങ്ങളിലാണവ നടത്തുന്നത്. ഇതുകൊണ്ട് കാര്യമില്ലെന്നും ആവശ്യമായ പരിശീലന പരിപാടികൾ നടത്തി പോർട്ടലിൽ അപ്‌ലോഡിങ് നടത്തുന്നതിനുള്ള മതിയായ സമയവും സാവകാശവും അനുവദിക്കപ്പെടണമെന്നും ഇല്ലെങ്കിൽ പ്രതിഷേധിക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി.