മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിന് എന്തധികാരം? സര്‍ക്കാരിനോട് ഹൈക്കോടതി
കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തിന് സർക്കാരിന് എന്തധികാരമെന്ന് ഹൈക്കോടതി. നിയമാനുസൃതമായാണോ കമ്മീഷനെ നിയോഗിച്ചതെന്നും കോടതി ചോദിച്ചു. വിഷയത്തിൽ ബുധനാഴ്ച വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുനമ്പത്തെ ഭൂമി സംബന്ധിച്ച് സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മീഷൻ നിയമവിരുദ്ധമാണ് എന്നായിരുന്നു ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ വാദം കേട്ട ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, ജുഡീഷ്യൽ കമ്മീഷനെ നിയമിക്കേണ്ടത് കേന്ദ്രമോ സംസ്ഥാനമോ എന്ന കാര്യത്തിൽ സർക്കാരിനോട് ചോദിച്ചു. വഖഫ് കേന്ദ്ര ലിസ്റ്റിൽ ആയിരിക്കെ വഖഫ്ഭൂമിയിൽ അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എന്ത് അധികാരപരിധി ഉപയോഗിച്ചാണ് കമ്മീഷനെ നിയോഗിച്ചത് എന്നും കോടതി ചോദിച്ചു.
ജുഡീഷ്യൽ കമ്മീഷൻ നിയമനം കണ്ണിൽ പൊടിയിടാൻ അല്ലേ എന്നും ഹൈക്കോടതി വിമർശിച്ചു. എന്നാൽ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട ഭൂമി വിഷയം സംബന്ധിച്ച് അന്വേഷിക്കാൻ കമ്മീഷനെ വയ്ക്കാം എന്നാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തത്. ഇക്കാര്യത്തിൽ ബുധനാഴ്ച വിശദമായ മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. നേരത്തെ തീർപ്പാക്കിയ വിഷയത്തിൽ വീണ്ടും കമ്മീഷനെ വയ്ക്കുന്നത് ദോഷം ചെയ്യുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.