ഭാര്യയെയും 21 ദിവസം പ്രായമുളള കുഞ്ഞിനേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു; ഭര്‍ത്താവിന്റെ ക്രൂരത

ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു

Update: 2021-06-26 09:40 GMT

മലപ്പുറം ചേന്നംകുളങ്ങരയിൽ പറക്കമുറ്റാത്ത മക്കളെയും ഭാര്യയെയും വീട്ടിൽ നിന്ന് അടിച്ചിറക്കി യുവാവ്. മദ്യപിച്ചെത്തിയ യുവാവിന്റെ ക്രൂരതയിൽ പാതിരാത്രി പെരുവഴിയിലായത് 21 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളും സഹോദരങ്ങളും അവരുടെ അമ്മയും. വീട്ടിൽ നിന്ന് പുറത്തായ യുവതിയെയും കുഞ്ഞുങ്ങളെയും സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ 19 നാണ് സംഭവം. രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ ചക്കാലപ്പറമ്പ് ഷമീർ മക്കളെയും ഭാര്യയെയും ഇറക്കിവിടുകയായിരുന്നു. ഇളയ ഇരട്ടക്കുട്ടികൾക്ക് പ്രായം 21 ദിവസം മാത്രം. ഭാര്യാമാതാവിന് നേരെയുമുണ്ടായി ഷമീറിന്റെ പരാക്രമം. സമീപത്തെ സ്കൂൾ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന നിലയിൽ കണ്ട യുവതിയെയും കുട്ടികളെയും നാട്ടുകാരിടപെട്ട് ആശാവർക്കർമാരുടെ സംരക്ഷണയിലേക്ക് മാറ്റി .

കഴിഞ്ഞ ദിവസം ഇവരെ കുടുംബശ്രിക്ക് കീഴിലുള്ള സ്നേഹിതയിലേക്ക് മാറ്റി. ഷമീറിനെതിരെ ഗാർഹിക പീഡനത്തിനും മർദനത്തിനും വണ്ടൂർ പൊലീസ് കേസെടുത്തു. മുമ്പും ഇയാൾക്കെതിരെ യുവതി പൊലീസിൽ ഗാർഹിക പീഡന പരാതി നൽകിയിരുന്നുവെന്നാണ് വിവരം. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News