യുവതിയെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട സംഭവം; പ്രതി നഗ്നദൃശ്യങ്ങൾ പകർത്തിയതായി പൊലീസ്

പ്രതി ജുനൈദിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി

Update: 2023-08-25 07:53 GMT

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് 19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതി ജുനൈദിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പൊലീസ് പറഞ്ഞു.

സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആൺസുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Advertising
Advertising

പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കുണ്ടുതോടാണെന്ന് കണ്ടെത്തി. തൊട്ടിൽപ്പാലം എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണത്തിൽ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലിസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. 

വൈദ്യ പരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് പറഞ്ഞു. പൊലിസ് സ്ഥലത്തെത്തുന്നതിന്റെ ഒരു മണിക്കൂർ മുമ്പാണ് പ്രതി രക്ഷപെട്ടത്. പ്രതിക്കെതിരെ ഐപിസി 376 ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിൽനിന്ന് എംഡിഎംഎ കണ്ടെത്തിയതിലും പൊലീസ് ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News