'പി.ജെ കുര്യന്റെ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഡിയോ സന്ദേശം ചോർന്നു
പാർട്ടിയുടെ കാര്യം നോക്കി തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നായിരുന്നു കുര്യന്‍റെ വിശദീകരണം
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യന്റെ വിമർശനത്തിൽ യൂത്ത് കോൺഗ്രസിൽ കടുത്ത അതൃപ്തി.സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്ന ഓഡിയോ പുറത്ത്.യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ രാഹുലിന്റെ ശബ്ദ സന്ദേശം ചോർന്നു.
'നമ്മുടെ ഒരു മീറ്റിങ്ങില്‍ വെച്ച് പറയുകയാണെങ്കില്‍ സദുദ്ദേശപരമാണെന്ന് പറയാമായിരുന്നു. എന്നാല്‍ ചാനൽ ക്യാമറകൾക്ക് മുന്നിലാണ് പി.ജെ കുര്യൻ വിമർശനമുന്നയിച്ചത്. അതിനാൽ തന്നെ വിമർശനത്തെസദുദ്ദേശപരമെന്ന് വിശ്വസിക്കാൻ താല്പര്യമോ, സൗകര്യമോ ഇല്ലെന്നും' ഓഡിയോയില്‍ രാഹുൽ പറയുന്നു.
കഴിഞ്ഞദിവസമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഇരുത്തി കുര്യന്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു മണ്ഡലത്തിൽ 25 പേരെയെങ്കിലും കൂടെ കൂട്ടാൻ യൂത്ത് കോൺഗ്രസിന് കഴിയേണ്ടെ എന്നായിരുന്നു പി.ജെ കുര്യൻ്റെ ചോദ്യം. ക്ഷുഭിത യൗവനത്തെ എസ്എഫ്ഐ കൂടെ നിർത്തുന്നുവെന്ന് സർവകലാശാല സമരം ചൂണ്ടിക്കാണിച്ച് പി.ജെ കുര്യൻ യൂത്ത് കോൺഗ്രസ് നേതാക്കളെ വേദിയിൽ ഓർമ്മിക്കുകയും ചെയ്തു. എന്നാൽ അതേവേദിയിൽ വെച്ചുതന്നെ രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകി. കുടുംബസംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാം. പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളിൽ ഇല്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
യൂത്ത് കോൺഗ്രസിനെതിരായ തന്റെ വിമർശനം സദുദ്ദേശപരമായാണെന്നായിരുന്നു പി.ജെ കുര്യൻ പിന്നീട് വിശദീകരിച്ചത്. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികൾ ഇല്ലെന്നും സമരത്തിൽ മാത്രം കേന്ദ്രീകരിക്കാതെ യുവാക്കൾ പഞ്ചായത്തിലെങ്കിലും കേന്ദ്രീകരിക്കണം എന്നാണ് പറഞ്ഞതെന്നും പി.ജെ കുര്യൻ വിശദീകരിച്ചു.
പാർട്ടിക്കുവേണ്ടി പറഞ്ഞതിൽ എന്താണ് ദോഷമെന്നത് അറിയില്ലെന്നും ടിവിക്കും സോഷ്യൽ മീഡിയയ്ക്കും പുറത്ത് 40 ശതമാനം ആളുകൾ ഈ സംസ്ഥാനത്തുണ്ടെന്നും പി.ജെ കുര്യൻ പറഞ്ഞു. എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ അത് ഞാൻ പറഞ്ഞാൽ എന്താണ് പ്രശ്നം. ദുരുദ്ദേശപരമായി ഒന്നുമില്ല, ആരെയും വിമർശിച്ചിട്ടില്ല. പാർട്ടിയുടെ കാര്യം നോക്കി എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. പാർട്ടി ഫോറങ്ങളിൽ അവസരം ലഭിച്ചാൽ ഇനിയും പറയുമെന്നും പി.ജെ കുര്യൻ വ്യക്തമാക്കി.