"കയ്യുംകെട്ടി വായും പൊത്തി മിണ്ടാതിരിക്കില്ല"; ആർഎസ്എസ് അനുകൂല പ്രസ്‌താവനയിൽ സുധാകരന് മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ്

അട്ടപ്പാടിയിൽ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് കെപിസിസി അധ്യക്ഷനെതിരെ വിമർശനമുയർന്നത്

Update: 2022-12-17 04:46 GMT
Editor : banuisahak | By : Web Desk

പാലക്കാട്: യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമർശനം. കെ സുധാകരൻ ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാകില്ല. എത്ര വലിയ നേതാവാണെങ്കിലും ആർഎസ്എസിന് സംരക്ഷണം നൽകുന്ന രീതിയിൽ സംസാരിച്ചാൽ അത് നാക്കുപിഴയായി കണക്കാക്കി മിണ്ടാതിരിക്കില്ലെന്നും ജില്ലാ ക്യാമ്പിൽ അഭിപ്രായമുയർന്നു. 

അട്ടപ്പാടിയിൽ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് കെപിസിസി അധ്യക്ഷനെതിരെ വിമർശനമുയർന്നത്. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ കുമാർ പാലക്കുഴിയാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ് പ്രസ്ഥാനത്തിൽ ജനസ്വാധീനമുള്ള ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചില നേതാക്കൾക്ക് 'ഭ്രഷ്ട്' കല്പിക്കുന്ന കോൺഗ്രസ് നടപടി അനുവദിക്കില്ല. ഇത്തരം നേതാക്കൾക്ക് വേദി നൽകാൻ യൂത്ത് കോൺഗ്രസ് തയ്യാറാകുമെന്നും പ്രമേയത്തിൽ പറയുന്നു. ശശി തരൂരിന്റെ പേര് എടുത്ത് പറയാതെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പരാമർശം. 

Advertising
Advertising

പാർട്ടി ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു, താങ്ങിനിർത്തുന്നു എന്ന രീതിയിൽ ഏത് 'കൊടികുത്തിയ കൊമ്പൻ' സംസാരിച്ചാലും കയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാൻ യൂത്ത് കോൺഗ്രസിന് കഴിയില്ലെന്ന് കെപിസിസിയെ ഓർമിപ്പിക്കുന്നു. ആരെങ്കിലും അങ്ങനെ സംസാരിച്ചാൽ അവരെ ഒറ്റുകാരൻ എന്ന് വിളിക്കാൻ മടിക്കാത്ത പ്രസ്ഥാനമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാറുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.  

നേരത്തെ, ആർ.എസ്.എസ് അനകൂല പ്രസ്താവന നടത്തിയതിന് കെ. സുധാകരന് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വിമർശനമുയർന്നിരുന്നു. പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെനന്നായിരുന്നു നേതാക്കളുടെ അഭിപ്രായം. ആർഎസ്എസ് ശാഖകൾ സിപിഎം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ആളെ വിട്ടുനൽകി സംരക്ഷണമൊരുക്കിയിട്ടുണ്ട് എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വിവാദ പ്രസ്താവന. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളെയാണ് ഇപ്രകാരം സംരക്ഷിച്ചതെന്നായിരുന്നു സുധാകരന്റെ വാദം. ജനാധിപത്യ വിശാസിയെന്ന നിലയിലാണ് അപ്രകാരം ചെയ്തതെന്നും എന്നാൽ ആർഎസ്എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News