റോഡിലെ കുഴിയില്‍ വാഴ നട്ടു, മന്ത്രി ഗോവിന്ദന്‍ റോഡിന്‍റെ ഐശ്വര്യമെന്ന് ബോര്‍ഡും; വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് ലീഗ്

മന്ത്രി എം.വി ഗോവിന്ദന്‍റെ മണ്ഡലത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

Update: 2021-09-24 03:36 GMT

മന്ത്രി എം.വി ഗോവിന്ദന്‍റെ മണ്ഡലത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. റോഡിലെ കുഴിയില്‍ നട്ട വാഴയില്‍ മന്ത്രി എം.വി ഗോവിന്ദന്‍ ഈ റോഡിന്‍റെ ഐശ്വര്യം എന്ന ബോര്‍ഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം. പിന്നാലെ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചുടല-പാണപ്പുഴ-ഏര്യം റോഡാണ് തകര്‍ന്നുകിടക്കുന്നത്. റോഡ് പണി തുടങ്ങിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞെങ്കിലും റോഡിലെ കുഴിയുടെ എണ്ണം കൂടിയതല്ലാതെ പണി മാത്രം പൂര്‍ത്തിയായില്ല. കാല്‍ നട യാത്ര പോലും ദുര്‍ഘടമായതോടെയാണ് ഒടുവില്‍ മന്ത്രി കൂടിയായ സ്ഥലം എം.എല്‍.എക്ക് പണി കൊടുക്കാന്‍ പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്

Advertising
Advertising

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്താണ് കിഫ്ബി ഫണ്ടില്‍ നിന്നും 57 കോടി രൂപ ചെലവഴിച്ച് റോഡിന്‍റെ നിര്‍മ്മാണപ്രവര്‍ത്തി ആരംഭിച്ചത്. എന്നാല്‍ അമ്മാന പാറ മുതല്‍ കണാരന്‍ വയല്‍ വരെ മാത്രമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ചത്. ബാക്കിയുളള ഭാഗം ചെളി നിറഞ്ഞ് വാഹന ഗതാഗതം സാധ്യമല്ലാത്ത തരത്തിലാണ്. പ്രതിഷേധം ശ്രദ്ധയില്‍ പെട്ടതോടെ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ പുനരാരംഭിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഉദ്യോഗസ്ഥര്‍ നാട്ടുകാരെ അറിയിച്ചിട്ടുണ്ട്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News