കുവൈത്തിൽ സ്ത്രീ വേഷമണിഞ്ഞ് ബാങ്ക് കവര്‍ച്ച; അന്വേഷണം ഊര്‍ജിതമാക്കി
കുവൈത്തിൽ സ്ത്രീയുടെ വസ്ത്രമണിഞ്ഞെത്തിയ പുരുഷൻ ബാങ്കിൽ കവർച്ച നടത്തിയ സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. ഹവല്ലിയിലെ ഇബ്നു ഖൽദൂൻ സ്ട്രീറ്റിലെ ബാങ്കിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. 4500 ദീനാറാണ് കവർന്നത്.
അബായയും നിഖാബും അണിഞ്ഞെത്തിയ പുരുഷൻ ബാങ്ക് ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ആത്മഹത്യ ബോംബിങിലൂടെ ബാങ്കിലുള്ളവരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥർ പണം കൈമാറുകയായിരുന്നു. ഉടൻ ഇയാൾ രക്ഷപ്പെടുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ ഒാപറേഷൻസ് യൂനിറ്റിൽ വിവരം ലഭിച്ച ഉടൻ ഹവല്ലിയിലെ സുരക്ഷ ഉദ്യോഗസ്ഥർ ബാങ്കിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇൗ ദൃശ്യങ്ങളിൽ അബായയും നിഖാബും അണിഞ്ഞ് ബാങ്കിൽ പ്രവേശിക്കുന്നത് വ്യക്തമായിട്ടുണ്ട്. ഇൗജിപ്ഷ്യൻ ശൈലിയിലാണ് ഇയാൾ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്.