മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല
കുവൈത്ത് സിറ്റി: മാരകമായ മയക്കുമരുന്നുകൾ കുവൈത്തിലേക്ക് കടത്തിയ കേസിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ജഡ്ജി ഖാലിദ് അൽ താഹൂസിന്റെ അധ്യക്ഷതയിൽ കുവൈത്ത് ക്രിമിനൽ കോടതിയുടേതാണ് വിധി. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായ വൻതോതിലുള്ള ലഹരിമരുന്നുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
കഴിഞ്ഞ ആഗസ്റ്റിൽ കൈഫാനിലും ഷുവൈഖിലുമുള്ള റെസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 14 കിലോഗ്രാം ശുദ്ധ ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമിനും രണ്ട് ഇലക്ട്രോണിക് ത്രാസ് മെഷീനുകളും കണ്ടെടുത്തു. കുവൈത്തിനുള്ളിൽ വിതരണം ചെയ്യാനായി രാജ്യത്തിന് പുറത്തുള്ള സംഘത്തിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാർ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന പുതിയ ലഹരി മരുന്ന് നിയമം അടുത്തിടെയാണ് രാജ്യത്ത് നിലവിൽ വന്നത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്.