കുവൈത്തിൽ പ്രവാസികളുടെ താമസ ഫീസിൽ ഇളവില്ല; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം
പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസിൽ നിബന്ധനകളോടെ ഇളവ്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ താമസ നിയമപ്രകാരം പ്രവാസികളുടെ താമസ ഫീസിൽ ഇളവ് ലഭിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. നിലവിൽ ഇളവ് നടപ്പാക്കിയിട്ടുള്ളത് പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസിന് മാത്രമാണെന്നും മന്ത്രാലയം വ്യക്തത വരുത്തി. കുവൈത്ത് കുടുംബങ്ങൾ സ്പോൺസർ ചെയ്യുന്ന ആദ്യ മൂന്ന് വീട്ടുജോലിക്കാർക്ക് മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഇളവ് ബാധകമാവുകയുള്ളൂ.
സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു ഓഡിയോ ക്ലിപ്പിനോട് പ്രതികരിച്ചുകൊണ്ടാണ് വിശദീകരണം. റെസിഡൻസി നടപടിക്രമങ്ങളിൽ മാറ്റമൊന്നുമില്ലെന്നും നിലവിലുള്ള നിയമങ്ങളും റെഗുലേഷനുകളും അനുസരിച്ച് റെസിഡൻസി ഫീസ് പൂർണമായും ഈടാക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിവരങ്ങൾ പങ്കുവെക്കുമ്പോൾ ഔദ്യോഗിക ചാനലുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.