കുവൈത്തിൽ ജനുവരിയോടെ കോവിഡ് വാക്സിന്‍ എത്തിയേക്കും

വാക്സിൻ ഇറക്കുമതിക്കായി മൂന്ന് അന്താരാഷ്ട്ര കമ്പനികളുമായി ധാരണയിലെത്തി.

Update: 2020-10-28 01:24 GMT

കുവൈത്തിൽ ജനുവരിയോടെ കോവിഡ് വാക്സിന്‍റെ ആദ്യബാച്ച്‌ വിതരണത്തിന് എത്തുമെന്ന് റിപ്പോർട്ട്. വാക്സിൻ ഇറക്കുമതിക്കായി മൂന്ന് അന്താരാഷ്ട്ര കമ്പനികളുമായി ധാരണയിലെത്തി. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.

ആസ്ട്ര സെനിക, ഫൈസർ, മോഡേണ എന്നീ അന്താരാഷ്‌ട്ര കമ്പനികളുമായാണ് കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്ത് ധാരണയിലെത്തിയത്. ഇറക്കുമതിക്ക് ആവശ്യമായ ടെൻഡർ നടപടികൾ ആരംഭിക്കാൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്. 55 ദശലക്ഷം ദിനാർ ആണ് ആരോഗ്യ മന്ത്രാലയം ഇതിനായി വകയിരുത്തിയത്. അടുത്ത വർഷം ജനുവരിയോടെ വാക്സിൻ എത്തിക്കാനാണ് സർക്കാർ പദ്ധതി.

Advertising
Advertising

ആദ്യ ബാച്ച് ആയി 10 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുക. സ്വദേശികൾക്കു ഒരാൾക്ക് രണ്ടു ഡോസ് എന്ന തോതിൽ നൽകും. തുടർന്ന് ആരോഗ്യ പ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ, പ്രായമായവർ, പഴക്കം ചെന്ന രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം വാക്സിൻ വിതരണം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു.

മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും മേൽനോട്ടത്തിനുമായി ആരോഗ്യമന്ത്രി ഡോ ശൈഖ് ബാസിൽ അസ്സ്വബാഹ് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് പുറമെ ആഭ്യന്തര മന്ത്രാലയം, കാബിനറ്റ് സെക്രട്ടറിയേറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, സെൻട്രൽ ഏജൻസി ഫോർ ഇൻഫോർമേഷൻ ടെക്നോളജി എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സമിതി. കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ഐച്ഛികമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Full View
Tags:    

Similar News