ശർക്കരയിൽ മായം കലർന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

മായം ചേർത്ത ശർക്കര കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും

Update: 2025-11-01 05:24 GMT
Editor : Lissy P | By : Web Desk

ഇന്ത്യൻ അടുക്കളകളിൽ ശർക്കര ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ്.ചെറിയ കുട്ടികൾക്ക് ഭക്ഷണങ്ങളിൽ ചേർത്ത് നൽകാനും മധുര പലഹാരങ്ങളിലേക്കും പായസമുണ്ടാക്കാനുമെല്ലാം ശർക്കര കൂടുതലായി ഉപയോഗിക്കാറുണ്ട്. ഏറെ ആരോഗ്യഗുണങ്ങളും ശർക്കരക്കുണ്ട്. ഇരുമ്പ്,കാത്സ്യം,പൊട്ടാസ്യം,ഫോസ്ഫറസ്,വിറ്റമിൻ സി തുടങ്ങിയ നിരവധി പോഷകമൂല്യങ്ങളുടെ ഉറവിടമാണ് ശർക്കര. ശരീരത്തിലെ ദഹന വ്യവസ്ഥ ശക്തിപ്പെടുത്താനും രക്തസമ്മർദം നിയന്ത്രിക്കാനും ശർക്കര സഹായിക്കും.

എന്നാൽ എല്ലാ ഉത്പന്നങ്ങളെയും പോലെതന്നെ ശർക്കരക്കും നിരവധി വ്യാജന്മാരുണ്ട്. വിപണിയിലിറങ്ങുന്ന ശർക്കരകളിൽ മായം കലർന്നിട്ടുണ്ടെന്നുള്ളത് ഏവരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. , ചോക്ക് പൊടി, വാഷിംഗ് സോഡ, കൃത്രിമ നിറങ്ങൾ പോലുള്ള വസ്തുക്കള്‍ കലര്‍ത്തിയ വ്യാജ ശര്‍ക്കരകള്‍ വിപണയില്‍ സുലഭമായി വില്‍ക്കുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.  മായം ചേർത്ത ശർക്കര കഴിക്കുന്നത് രുചിയെ മാത്രമല്ല, ആരോഗ്യപരമായ അപകടങ്ങൾക്കും കാരണമാകും. എന്നാൽ ശർക്കരയിൽ മായം കലർന്നിട്ടുണ്ടോ എന്ന് നമുക്ക് വീട്ടിൽ തന്നെ പരീക്ഷിച്ച് ഉറപ്പുവരുത്താനായി സാധിക്കും.

Advertising
Advertising

വെള്ളത്തിലിട്ട് നോക്കാം

ചെറിയൊരു ജലപരിശോധനയിലൂടെ ശർക്കരയിൽ എന്തൊക്കെ മായം ചേർന്നിരിക്കുന്നുവെന്ന് കണ്ടെത്താനായി സാധിക്കും.അതിനായി ഒരു ഗ്ലാസ് ചൂടു വെള്ളത്തിലേക്ക് ചെറിയൊരു കഷ്ണം ശർക്കര ഇടുക.

ശുദ്ധമായ ശർക്കരയാണെങ്കിൽ ഇവ സാവധാനം താഴ്ന്നുപോകുകയും ക്രമേണ അലിഞ്ഞു ചേരുകയും ചെയ്യും. മാത്രവുമല്ല, ചെറിയ അവശിഷ്ടങ്ങള്‍ മാത്രമായിരിക്കും വെള്ളത്തിൽ കാണാനായി സാധിക്കുക.

വ്യാജ ശർക്കരയാണെങ്കിൽ വേഗം വെള്ളത്തിൽ അലിഞ്ഞുചേരുകയും വെളുത്തതോ ചോക്ക് പോലെയുള്ളതോ ആയ അവശിഷ്ടങ്ങൾ ഗ്ലാസിനടിയിൽ അടിഞ്ഞുകൂടുന്നതായി കാണാനും സാധിക്കും. ശർക്കരയുടെ അളവ് വർധിപ്പിക്കുന്നതിന് ചോക്കുപൊടി ഉപയോഗിച്ചാണ് പലപ്പോഴും മായം ചേർക്കാറുള്ളത്.

നിറം നോക്കാം,തൊട്ടുനോക്കാം

യഥാർഥ ശർക്കരക്ക് സാധാരണയായി കടുംതവിട്ട് അല്ലെങ്കിൽ കറുപ്പ് നിറവും അൽപം പരുക്കൻ ഘടനയുമാണ് ഉണ്ടാകുക. കടും നിറമുള്ള ശർക്കരയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകില്ല. വ്യാജ ശർക്കരക്ക് അസ്വാഭാവികമായ തിളക്കമോ,പൂർണമായും മിനുസമുള്ള പ്രതലവുമായിരിക്കും.ഇത് കൃത്രിമ നിറങ്ങളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ശുദ്ധമായ ശർക്കര അൽപം ഒട്ടിപ്പിടിക്കുന്ന സ്വഭാവമുള്ളതാണ്.അതേസമയം, വ്യാജ ശർക്കരയുടെ പ്രതലം വരണ്ടതോ അമിതമായി കട്ടിയുള്ളതോ ആയിരിക്കും.

രുചിനോക്കാം, മണമറിയാം

യഥാർഥ ശർക്കരക്ക് കാരമലിനെ അനുസ്മരിപ്പിക്കുന്ന മണവുമാണ്.മാത്രവുമല്ല, സ്വാഭാവികമായ രുചിയുമായിരിക്കും.എന്നാൽ വ്യാജ ശർക്കരക്ക് മണമുണ്ടാകില്ല. കൂടാതെ വ്യാജ ശർക്കരക്ക് ഒരു കയ്‌പ്പേറിയതോ ഉപ്പുരസമുള്ള രുചിയായിരിക്കും അനുഭവപ്പെടുക.

ആസിഡ് പരിശോധന

ശർക്കരയിലെ മായം ചേർക്കുന്നത് കണ്ടെത്താനുള്ള മറ്റൊരു മാർഗമാണ് ആസിഡ് റിയാക്ഷൻ ടെസ്റ്റ്. ഒരു പാത്രത്തിൽ ഒരു ചെറിയ ശർക്കര വെക്കുക.അതിലേക്ക് കുറച്ച് തുള്ളി നാരങ്ങനീരോ വിനാഗിരിയോ ചേർക്കാം. ശുദ്ധമായ ശർക്കരയാണെങ്കിൽ അതിൽ യാതൊരു മാറ്റവുമുണ്ടാകില്ല. വ്യാജ ശർക്കരയാണെങ്കിൽ അതിൽ കുമിളകൾ വരും.

വാങ്ങുമ്പോഴും ശ്രദ്ധവേണം

വാങ്ങുന്നത് ശുദ്ധമായ ശർക്കരയാണെന്ന് ഉറപ്പ് വരുത്തണം. വിശ്വസനീയമായ വിൽപ്പനക്കാരിൽ നിന്നോ ഗുണനിലവാരമുള്ള ബ്രാൻഡുകളിൽ നിന്നോ ശർക്കര വാങ്ങാൻ ശ്രദ്ധിക്കുക. പാക്കിങ് കവറുകളും ശ്രദ്ധിച്ച് നോക്കി വേണം വാങ്ങാൻ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News