ഉറക്കക്കുറവാണോ നിങ്ങളുടെ പ്രശ്നം? ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരിഹാരമാകും

ഉറക്കക്കുറവ് പൊണ്ണത്തടി, പലരീതിയിലുള്ള ജീവിതശെെലി രോ​ഗങ്ങൾ, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്കും വഴിവച്ചേക്കാം

Update: 2021-12-18 16:31 GMT
Advertising

ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. പൊണ്ണത്തടി, പലരീതിയിലുള്ള ജീവിതശെെലി രോ​ഗങ്ങൾ, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് വഴിവച്ചേക്കാം. രാത്രി നന്നായി ഉറങ്ങാൻ ​ഗുളിക കഴിക്കുന്നവരുണ്ട്. ഇതിനായി ​ഗുളിക കഴിക്കുന്ന ശീലം പൊതുവേ നല്ലതല്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും നാം എത്രത്തോളം ഉറങ്ങുന്നുവെന്നതിനെ സ്വാധീനിക്കും. നല്ല ഭക്ഷണങ്ങള്‍ നല്ല ഉറക്കത്തിന് കാരണമാവും. എന്നാല്‍ ഏതൊക്കെയാണ് നല്ല ഭക്ഷണം? 

നമ്മുടെ ഭക്ഷണ രീതി ഉറക്കത്തിന് നിര്‍ണായകമായ ഹോര്‍മോണ്‍, മെലാടോണിനെ സ്വാധീനിക്കും. ധാരാളം അമിനോ ആസിഡ്, ട്രിപ്‌റ്റോപാന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ശരിയായ ഉറക്കം കിട്ടാന്‍ സഹായിക്കും. ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് ധാരാളം വിശ്വാസങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അവയില്‍ പലതും ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതല്ല. അത്തരത്തില്‍ ആരോഗ്യകരമായ ഉറക്കത്തിനായി നിഷ്കര്‍ഷിക്കാവുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയാണ്, 

എണ്ണമയമുള്ള മത്സ്യം

സാല്‍മണ്‍, മത്തി പോലുള്ള ധാരാളം എണ്ണയടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ കാരണമാവുന്നുവെന്ന് തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എണ്ണമയമുള്ള മത്സ്യത്തില്‍ ഒമേഗ-3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഉറക്കം മെച്ചപ്പെടുത്തുന്നാന്‍ ഉപകാരപ്രദമാണ്. ഇവ മാനസിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സെറാടോണിന്‍ കൂടുതലായി ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.


ചെറി

ചെറിപ്പഴത്തിന്‍റെ ഗുണങ്ങള്‍ സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്. മെലാടോണിന്റെ അളവ് വര്‍ധിപ്പിക്കുന്നതില്‍ ചെറികള്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഇത് മുതിര്‍ന്നവരിലുളള ഉറക്കം മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എരിവുള്ള ചെറികളില്‍ അടങ്ങിയ മഗ്നീഷ്യം പോലുള്ള പോഷകങ്ങള്‍ നല്ല ഉറക്കത്തിന് സഹായിക്കുന്നു.


കിവി പഴം

സ്വാദിഷ്ടമായ പുളിരസമുള്ള ഒരു പഴമാണ്‌ കിവി. ആക്റ്റിനീഡിയ ഡെലീഷ്യോസ എന്ന വള്ളിച്ചെടിയിലോ അതിന്റെ അവാന്തരവിഭാഗ സങ്കര ഇനങ്ങളിലോ ആണ് കിവിപ്പഴം ഉണ്ടാവുന്നത്. കിവി പഴത്തെ കുറിച്ചുള്ള പഠനങ്ങള്‍ സമ്മിശ്രമാണ്. നാലാഴ്ച്ച കിവി പഴം കഴിച്ചാല്‍ ഒന്നിലധികം ഉറക്കം ലഭിക്കുന്നു എന്നാണ് ഒരു പഠനം. എന്നാല്‍ ഉറക്കമില്ലാത്തവര്‍ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ കിവി പഴത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നു.


ചൂട് പാല്‍

ഒരു ഗ്ലാസ് ചൂടുള്ള പാല്‍ കുടിച്ചു കിടക്കുന്നത് നല്ല ഉറക്കത്തിന് കാരണമാവുമെന്ന് 1970ല്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശേഷം നടത്തിയ പഠനങ്ങളിലെല്ലാം തന്നെ ചൂട് പാല്‍ മെലാടോണിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ കാലാവസ്ഥ കൂടി പരിഗണിച്ചു വേണം ചൂടു പാല്‍ കുടിക്കാന്‍. 


ഗ്രീന്‍ ടീ

ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. കാപ്പിയും ചായയും ചേർന്ന മറ്റെല്ലാ പാനീയങ്ങളെയും അപേക്ഷിച്ച് ഗ്രീൻ ടീയിൽ കഫീൻ വളരെ കുറവാണ്. സാധാരണ ചായയിൽ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പിയിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുകയില്ല.


ശരിയായ ഭക്ഷണക്രമത്തിനൊപ്പം അമിതമായ ഫോണ്‍ ഉപയോഗം കുറക്കുകയും ഉറങ്ങാന്‍ കൃത്യമായ സമയം പാലിക്കുകയും ചെയ്യുന്നത് ഉറക്കക്കുറവിന് പരിഹാരമാകും. വളരെ തിരക്കുപിടിച്ച ദൈനംദിന പ്രവർത്തികൾക്ക് ശേഷം വിശ്രമം ആവശ്യമാണ്. അതിനു നല്ല ഉറക്കം ലഭിച്ചേ മതിയാവു. മാത്രവുമല്ല ഓർമ്മ നിലനിൽക്കാൻ, ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ മറക്കാതെ ഇരിക്കാന്‍ ഉറക്കം അനിവാര്യമാണ്.

ചിലരില്‍ മാനസിക സമ്മർദ്ദം മൂലം ഉറക്കം നഷ്ടപ്പെടുന്നു എങ്കില്‍ മറ്റു ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നു എന്നത് മാനസിക സമ്മർദത്തിന് കാരണമാകുന്നതായും കാണാം. ഉറക്കക്കുറവിനു ചികിത്സ തേടുമ്പോള്‍ മാനസിക സമ്മർദം, മറ്റു മാനസിക പ്രശ്നങ്ങള്‍ എന്നിവ കൂടി നിങ്ങള്‍ തിരിച്ചറിയുകയും അവ എങ്ങനെ പരിഹരിക്കാം എന്നുകൂടി പഠിച്ചെടുക്കുകയും ചെയ്തെങ്കില്‍ മാത്രമേ ചികിത്സ പൂർണ്ണമായി എന്നു പറയാന്‍ കഴിയൂ.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News