മധ്യപ്രദേശിൽ ഗോഡ്‌സെ അനുയായി കോൺഗ്രസിൽ; പൂക്കൾ നൽകി സ്വീകരിച്ച് കമൽനാഥ്

"ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ അച്ഛന്റെ ഘാതകന് പോലും മാപ്പു നൽകിയിട്ടുണ്ട്. ഗാന്ധി കുടുംബം വിശാലഹൃദയരാണ്"

Update: 2021-02-25 07:32 GMT

ഭോപ്പാൽ: ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ പരസ്യമായി അനുകൂലിച്ച ഹിന്ദു മഹാസഭാ നേതാവ് ബാബുലാൽ ചൗരസ്യ കോൺഗ്രസിൽ. മുൻ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ കമൽനാഥ്, ചൗരസ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇതിന്റെ ചിത്രങ്ങൾ മധ്യപ്രദേശ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു.

തീരുമാനത്തെ സംസ്ഥാന കോൺഗ്രസ് നേതാവ് പർവീൺ പഥക് എംഎൽഎ ന്യായീകരിച്ചു. 'നേരത്തെ അദ്ദേഹം കോൺഗ്രസിലായിരുന്നു. പിന്നീട് ഹിന്ദു മഹാസഭാ ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ അച്ഛന്റെ ഘാതകന് പോലും മാപ്പു നൽകിയിട്ടുണ്ട്. ഗാന്ധി കുടുംബം വിശാലഹൃദയരാണ്. അത് അവർ മുറുകെപ്പടിക്കുന്ന മൂല്യങ്ങൾ കാരണമാണ്. അതു മൂലമാണ് ഗോഡ്‌സെയെ ആരാധിച്ചിരുന്ന ഒരാൾ ഗാന്ധിജിയെ ആരാധിക്കാൻ തുടങ്ങുന്നത്' - അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഗോഡ്‌സെയെ വന്ദിക്കാൻ നിർബന്ധിതനാകുകയായിരുന്നു എന്നാണ് ചൗരസ്യ അവകാശപ്പെടുന്നത്. 'മുമ്പ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. അതു കൊണ്ടു തന്നെ ഇത് കുടുംബത്തിലേക്കുള്ള മടങ്ങിവരവ് പോലെയാണ്' - അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗ്വാളിയോർ-ചമ്പൽ മേഖലയിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് ചൗരസ്യയുടെ കോൺഗ്രസ് പ്രവേശം. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമാണിത്.

ചൗരസ്യയെ കോൺഗ്രസിൽ ചേർത്തത് തെരഞ്ഞെടുപ്പ് മുമ്പിൽക്കണ്ടാണെന്ന് ബിജെപി വക്താവ് രാഹുൽ കോത്താരി ആരോപിച്ചു. 'ഒരു മാസം മുമ്പ് നിങ്ങൾ ഗാന്ധിക്കൊപ്പമാണോ ഗോഡ്‌സെയ്ക്ക് ഒപ്പമാണോ എന്നാണ് കമൽനാഥ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ചോദിച്ചിരുന്നത്. ഇപ്പോൾ കമൽനാഥ് തന്നെ അതിനുത്തരം നൽകിയിരിക്കുകയാണ്' - കോത്താരി കൂട്ടിച്ചേർത്തു.

നാഥുറാം ഗോഡ്‌സെ കോടതിയിൽ നൽകിയ അവസാനത്തെ മൊഴി ഒരു ലക്ഷം പേരിലേക്കെത്തിക്കുമെന്ന് പ്രഖ്യാപിച്ച് 2019ലാണ് ചൗരസ്യ വാർത്തകളിൽ നിറയുന്നത്. ഗോഡ്‌സെയെ പ്രകീർത്തിച്ച് നടത്തപ്പെട്ട നിരവധി ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഗ്വാളിയോർ മേഖലയിൽ നിന്നുള്ള കോർപറേഷൻ അംഗമായിരുന്നു ഇദ്ദേഹം. ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രമുള്ള സ്ഥലമാണ് ഗ്വാളിയോർ.

Tags:    

Similar News