തായ്‌വാനെച്ചൊല്ലി ചൈനക്കും ജപ്പാനുമിടയില്‍ സംഭവിക്കുന്നതെന്ത്?

ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചി നടത്തിയ ഭീഷണിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം

Update: 2025-11-24 06:15 GMT
Editor : Lissy P | By : Lissy P

ബീജിങ്: തായ്‌വാന്‍റെ പേരിൽ ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധം വീണ്ടും പൊട്ടിത്തെറിയിലേക്ക്. തായ്‌വാനെ ചൈന ആക്രമിച്ചാൽ സൈന്യത്തെ വിന്യസിക്കുമെന്ന് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചി നടത്തിയ ഭീഷണിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.

ഒക്ടോബറിൽ അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യ പാർലമെന്റ് പ്രസംഗത്തിലായിരുന്നു ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷത്തിൽ ജപ്പാൻ സൈനിക പങ്കാളിയാകുമെന്ന് സനേ തകായിച്ചി അഭിപ്രായപ്പെട്ടത്.സൈനിക ഇടപെടൽ നടത്തുമെന്ന സനേ തകായിച്ചിയുടെ ഭീഷണി ചൈനയെ പ്രകോപ്പിക്കുകയും ചെയ്തു. ചൈന ഇതിനെ 'സൈനിക ഭീഷണി'യായി കണ്ട് യുഎൻ വരെ ഇക്കാര്യമെത്തിക്കുകയും ചെയ്തു. പിന്നാലെ ജപ്പാനുമായി സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ജപ്പാനിലേക്ക് യാത്ര ചെയ്യരുതെന്നതടക്കമുള്ള മുന്നറിയിപ്പുകള്‍  ഷി ജിൻപിങ് ഭരണകൂടം ചൈനയിലെ പൗരന്മാർക്ക് നൽകുകയും ചെയ്തു.ഇതിന് പുറമെ ചൈന ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ജാപ്പനീസ് ഗായകരുടെ കോൺസെർട്ടുകൾ റദ്ദാക്കുകയും ജാപ്പനീസ് സിനിമാ റിലീസുകള്‍ തടയുകയും ചെയ്തു. സെങ്കാകു ദ്വീപുകളിലൂടെ കോസ്റ്റ്ഗാർഡ് കപ്പൽ അയച്ചും യോനഗൂണി ദ്വീപിനടുത്ത് ഡ്രോണുകൾ പറത്തിയും ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Advertising
Advertising

 തായ്‌വാനുമായി ബന്ധപ്പെട്ട് മുന്‍കാലനേതാക്കള്‍ ഇത്തരം വ്യക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നില്ല.എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ സനേ തകായിച്ചി തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കിക്കൊണ്ടിരിക്കുന്നത്.


തായ്‌വാനെ സ്വന്തമാക്കാന്‍ ചൈന

തായ്‌വാനുമേൽ ചൈന നേരത്തെ അവകാശവാദം ഉന്നയിക്കുകയും സ്വന്തം ഭാഗമായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെ തായ്‌വാൻ നേരത്തെ നിരസിക്കുകയും ചെയ്തിരുന്നു. സൈനിക ബലം ഉപയോഗിച്ച് ആവശ്യമെങ്കിൽ തായ്‌വാനിൽ അധിനിവേശം നടത്തുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.

ജപ്പാന്റെ ഏറ്റവും അടുത്ത ദ്വീപിൽ നിന്ന് വെറും 100 കിലോമീറ്റർ ദൂരത്താണ് തായ്‌വാൻ സ്ഥിതി ചെയ്യുന്നത്. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് തായ്‌വാന്റെ ഔദ്യോഗിക നാമം.രണ്ടരക്കോടിയോളം മനുഷ്യർ ഈ ദ്വീപിൽ താമസിക്കുന്നുണ്ട്. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറും സ്വന്തമായ ഭരണഘടനയും തായ്‌വാവാനുണ്ട്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ് തങ്ങളെന്ന് തായ്‌വാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

1949-ലെ ആഭ്യന്തരയുദ്ധത്തില്‍ തായ്‌വാന്‍ ചൈനയില്‍ നിന്ന് വേര്‍പിരിഞ്ഞു. എന്നാല്‍ 20 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദ്വീപിനെ ചൈന ഇന്നും അവരുടെ പ്രദേശമായാണ് കണക്കാക്കുന്നത്. സൈനിക ശക്തിയിലൂടെ ഇത് തന്റെ നിയന്ത്രണത്തിലാക്കുമെന്നാണ് ചൈന കണക്ക് കൂട്ടുന്നത്.

എന്നാൽ ചൈനയുടെ അവകാശവാദം സ്വയംഭരണാവകാശ മേഖലയായ തായ്‌വാൻ അംഗീകരിക്കുന്നില്ല.തായ്‌വാനെ ചേർത്തുകൊണ്ടുകൊണ്ട് ഒറ്റചൈനയാക്കി മുന്നോട്ട് പോകണമെന്നും അതിന് ബലപ്രയോഗം നടത്താൻ പോലും മടിക്കില്ലെന്നാണ് ചൈനയുടെ വർഷങ്ങളായുള്ള നിലപാട്. ചൈനയുടെ മക്കൾ പുനരേകീകരണം ആഗ്രഹിക്കുന്നുണ്ടെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിച്ചാൽ ശക്തമായി അടിച്ചമർത്തുമെന്ന് 2021 ജൂലൈയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷിക സമ്മേളനത്തിൽ സംസാരിച്ചിരുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് വ്യക്തമാക്കിയിരുന്നു. ഷീ ജിൻപിങ് അധികാരത്തിലെത്തിയതിന് പിന്നാലെ പലപ്പോഴായി ചൈന തായ്‌വാനെ പ്രകോപിച്ചിട്ടുണ്ട്. നിരവധി തവണ തായ്‌വാൻ പരിധിയിൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം അമേരിക്കയും സർവ പിന്തുണയും നൽകിവരുന്നുണ്ട്.


പ്രസ്താവന പിന്‍വലിക്കാതെ തകായിച്ചി;  ജപ്പാനോട് കടുപ്പിച്ച് ചൈന

തായ്‌വാനുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി തകായിച്ചിയുടെ പരസ്യമായ  പരാമർശങ്ങൾ ചൈന-ജപ്പാൻ ബന്ധങ്ങളുടെ രാഷ്ട്രീയ അടിത്തറയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഉഭയകക്ഷി സാമ്പത്തിക, വ്യാപാര വിനിമയങ്ങളെ സാരമായി ബാധിച്ചെന്ന് മന്ത്രാലയ വക്താവ് ഹി യോങ്കിയാൻ കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജപ്പാൻ തങ്ങളുടെ നടപടിയിൽ ഉറച്ചുനിൽക്കുകയും തെറ്റായ പാത പിന്തുടരുകയും ചെയ്താൽ, ചൈന ആവശ്യമായ നടപടികൾ സ്വീകരിക്കും, എല്ലാ അനന്തരഫലങ്ങളും ജപ്പാൻ നേരിടേണ്ടിവരുമെന്നും ചൈനീസ് വ്യക്താവ് പറഞ്ഞു. ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ തലയിട്ടാൽ ആ കഴുത്ത് മുറിച്ച് മാറ്റാൻ തയ്യാറാണെന്ന് ജപ്പാനിലെ ചൈനീസ് കോൺസുൽ ജനറൽ ഷ്യൂ ജിയാൻ പറഞ്ഞതും ഏറെ വിവാദമായിരുന്നു. ഈ പരാമർശം നിരുത്തരവാദിത്തമാണെന്ന് ജപ്പാൻ ഉടനടി പ്രതികരിച്ചു.എന്നാൽ തകായിച്ചിയുടെ ഭീഷണിയോടുള്ള സ്വാഭാവിക മറുപടി മാത്രമാണെന്നാണ് ചൈന നൽകിയ വിശദീകരണം.


ചൈന കടുപ്പിച്ചു,ജപ്പാനീസ് ഓഹരികളും ടൂറിസം മേഖലയും കൂപ്പുകുത്തി

പരാമർശം പിൻവലിക്കില്ലെന്ന് തകായിച്ചി നിലപാടെടുത്തതോടെ ചൈനയും നിലപാട് കടുപ്പിച്ചു.ജപ്പാൻ സന്ദർശിക്കുന്നതിനെക്കുറിച്ച് യാത്രക്കാർക്കും വിദ്യാർഥകൾക്കും ബീജിംഗ് ഔദ്യോഗിക മുന്നറിയിപ്പുകൾ നൽകിയിരുന്നു.  ജപ്പാനിലേക്ക് പോകരുതെന്ന് ചൈന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയതോടെ ജാപ്പനീസ് ഓഹരികളും കൂപ്പുകുത്തി. പ്രത്യേകിച്ച് ടൂറിസവുമായി ബന്ധപ്പെട്ട ഓഹരികളെയാണ് ഇത് ബാധിച്ചത്.ജപ്പാന്റെ വിനോദസഞ്ചാരത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് ചൈന

2024 മെയ് മാസത്തിലെ കണക്കനുസരിച്ച്, ജപ്പാനിൽ 120,000-ത്തിലധികം ചൈനീസ് വിദ്യാർഥികളുണ്ടായിരുന്നു, ഈ വർഷത്തെ ആദ്യ എട്ട് മാസങ്ങളിൽ 6.7 ദശലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികൾ രാജ്യം സന്ദർശിച്ചു. ചൈനയുടെ ഏറ്റവും പുതിയ യാത്രാ മുന്നറിയിപ്പ് ജപ്പാന് 14 ബില്യൺ സാമ്പത്തിക നാശനഷ്ടമുണ്ടാക്കുമെന്ന് നോമുറ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എക്‌സിക്യൂട്ടീവ് ഇക്കണോമിസ്റ്റായ തകാഹിഡെ കിയുച്ചി പറയുന്നു.ടൂറിസത്തിന് പുറെ എയർലൈൻ, റീട്ടെയിൽ ഓഹരികളും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് പൂർണ നിരോധനം

സംഘര്‍ഷങ്ങള്‍ക്കിടെ  കഴിഞ്ഞദിവസമാണ്  ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് ചൈന പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയത്. ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം പുറത്തുവിടുന്നതിന് ഏകദേശം രണ്ട് വർഷത്തെ നിരോധനത്തിന് ശേഷം, അടുത്തിടെയാണ് ചൈന ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതി പുനരാരംഭിച്ചത്.അതേസമയം, ജപ്പാനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് ചൈന പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയത് ഇന്ത്യക്ക് നേട്ടമായി. നിരോധനത്തിന്   തൊട്ടുപിന്നാലെ ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്കാരുടെ ഓഹരികൾ 11% വരെ ഉയരുകയും ചെയ്തു.

2023-ൽ, ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് റേഡിയോ ആക്ടീവ് ജലം പസഫിക്കിലേക്ക് തുറന്നുവിടാൻ ടോക്കിയോ തീരുമാനിച്ചതിനെത്തുടർന്ന്, എല്ലാ ജാപ്പനീസ് സമുദ്രവിഭവങ്ങളുടെയും ഇറക്കുമതിക്ക് ചൈന പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു.

2010-ൽ,  ദിയാവു ദ്വീപുകൾ എന്ന് അവകാശപ്പെടുന്ന സെൻകാകു ദ്വീപുകൾക്ക് സമീപം കോസ്റ്റ് ഗാർഡ് കപ്പലുകളുമായി കൂട്ടിയിടിച്ചതിന് ഒരു ചൈനീസ് മത്സ്യബന്ധന ക്യാപ്റ്റന്റെ കപ്പൽ ജാപ്പനീസ് അധികൃതർ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ജപ്പാനിലേക്കുള്ള എര്‍ത്ത് മാഗ്നെറ്റ് കയറ്റുമതി ഏഴ് ആഴ്ചത്തേക്ക് ചൈന നിർത്തിവെക്കുകയും ചെയ്തിരുന്നു.


ജാപ്പനീസ് ഉൽപ്പന്നങ്ങൾക്ക് മുന്നില്‍ ചൈന വാതിലടക്കുമോ?

യുഎൻ കോംട്രേഡ് ഡാറ്റ പ്രകാരം, 2024 ൽ ഏകദേശം 125 ബില്യൺ ഡോളറിന്റെ ജാപ്പനീസ് ഉൽപ്പന്നങ്ങളാണ് ചൈന വാങ്ങിയത്.   വ്യാവസായിക ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ തുടങ്ങിയവയാണ് പ്രധാനമാണ് ചൈന ഇറക്കുമതി ചെയ്യുന്നത്. അമേരിക്ക് ശേഷം ജപ്പാന്‍റെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ് ചൈന. ചൈന ജാപ്പനീസ് ഉൽപ്പന്നങ്ങൾക്ക് വാതിലുകൾ അടച്ചാൽ ചൈനക്ക് ബദൽ വിപണികൾ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരും.ജപ്പാൻ അവരുടെ നടപടിയിൽ ഉറച്ചുനിൽക്കുകയും തെറ്റായ പാത പിന്തുടരുകയും ചെയ്താൽ, ചൈന ആവശ്യമായ നടപടികൾ ദൃഢനിശ്ചയത്തോടെ സ്വീകരിക്കും, എല്ലാ അനന്തരഫലങ്ങളും ജപ്പാൻ വഹിക്കേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജപ്പാന്‍റെ മൂന്നാമത്തെ കയറ്റുമതി രാജ്യം ദക്ഷിണ കൊറിയയാണ്.എന്നാല്‍ കഴിഞ്ഞവര്‍ഷം 46 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ദക്ഷിണ കൊറിയ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 

ജാപ്പനീസ് സിനിമാ റിലീസുകള്‍ റദ്ദാക്കി

തകായിച്ചിയുടെ പരാമർശത്തിന് പിന്നാലെ ചൈന ജാപ്പനീസ് കലാകാരന്മാർക്കെതിരെയും തിരിഞ്ഞിട്ടുണ്ട്. നിരവധി ജാപ്പനീസ് കലാകാരന്മാരുടെ സംഗീതപരിപാടികൾ ചൈന റദ്ദാക്കി. പ്രമുഖ ജാസ് കലാകാരൻ യോഷിയോ സുസുക്കിയുടെ കച്ചേരികൾ ചൈനീസ് ആരാധകർ കൂട്ടത്തോടെ റദ്ദാക്കി.എന്നാൽ പൊലീസ് ഇടപെട്ടാണ് പരിപാടി നിർത്തിയതെന്നും റിപ്പോർട്ടുണ്ട്.ഇതിന് പിന്നാലെ രണ്ട് ജാപ്പനീസ് ആനിമേഷന്‍ സിനിമയുടെ ചൈനയിലെ റിലീസ് മാറ്റിവെക്കുകയും ചെയ്തു.പ്രേക്ഷക വികാരം കണക്കിലെടുത്താണ് റിലീസുകൾ മാറ്റിവയ്ക്കാൻ വിതരണക്കാർ തീരുമാനമെടുത്തതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ പറയുന്നു. ക്രയോൺ ഷിൻ-ചാൻ ദി സൂപ്പര്‍ ഹോട്ട്, ദി സ്പൈസി കസുകബെ ഡാൻസേഴ്സ് തുടങ്ങിയ സിനിമയുടെ റിലീസാണ് റദ്ദാക്കിയത്.

നിലവില്‍  ചൈനയും ജപ്പാനും തമ്മില്‍ സാമ്പത്തിക,വ്യാപാര, സാംസ്കാരിക തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. അത് സൈനിക സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഇരു രാജ്യങ്ങളിലും ഉയരുന്നുണ്ട്.   

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Lissy P

Web Journalist, MediaOne

Similar News