അദാനി: മോദിയുടെ മുഖം മൂടി! - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 6

അദാനി-അംബാനി കമ്പനികളുടെ മാത്രം വിചിത്രമായ വളര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ്. ജനവഞ്ചനയുടെ കണക്കെടുപ്പ്; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 6

Update: 2024-05-28 15:27 GMT
Advertising

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നല്‍കിയത് അനിയന്ത്രിത സ്വാതന്ത്ര്യമായിരുന്നു. ആ സ്വാതന്ത്ര്യം മോദി പ്രധാനമന്ത്രി ആയാലും ലഭിക്കുമെന്ന് കോര്‍പറേറ്റുകള്‍ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ മോദിയെ പിന്തുണച്ചത്. 'സബ്കാ സാത് സബ്കാ വികാസ്' എന്നായിരുന്നു രണ്ടാമൂഴവും അധികാരത്തിലെത്തിയ മോദിയുടെ നയപ്രഖ്യാപനം. എന്നാല്‍, കോര്‍പറേറ്റുകളുടെ ഇഷ്ടതോഴനായി മോദിവാഴ്ച തുടരുകതന്നെയായിരുന്നു.

മോദി നല്‍കിയ വാഗ്ദാനങ്ങള്‍

>  'ഞാനൊരു ഫക്കീര്‍ ആണ്, റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ വെറുമൊരു ചായ വില്‍പ്പനക്കാരന്‍.'

>  'എല്ലാവര്‍ക്കും സംതൃപ്തമായ ജീവിതം നല്‍കുക എന്നതാണ് എന്റെ ഏക ലക്ഷ്യം.'

>  'സബ്കാ സാത് സബ്കാ വികാസ്'

യഥാര്‍ഥത്തില്‍ സംഭവിച്ചത്

> വന്‍കിട മുതലാളിമാരുടെ വരുമാനവും ആസ്തിയും സമ്പത്തും വര്‍ധിക്കുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ വഷളാവുന്നു.

> രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ മൂന്നിലൊന്ന് കൈവശം വെച്ചിരിക്കുകയാണ്.

> ഈ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം 56 ല്‍ നിന്ന് 169 ആയി ഉയര്‍ന്നു.

> നിലവില്‍ രാജ്യത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മോദിയുടെ അടുത്ത അനുയായികളായ അദാനിയും അംബാനിയും ആണുള്ളത്.

> 2013 ല്‍ 25,792 കോടിയായിരുന്ന അദാനിയുടെ ആസ്തി 2022 ആയപ്പോഴേക്കും 7,48,800 കോടിയായി ഉയര്‍ന്നു. അതായത് ഈ കാലയളവില്‍ ഇത് 30 മടങ്ങ് വര്‍ധിച്ചു.

> 2014 ല്‍ 1,54,742 കോടിയായിരുന്ന അംബാനിയുടെ ആസ്തി 2022 ആയപ്പോഴേക്കും 7,54,620 കോടിയായി ഉയര്‍ന്നു. എന്നുപറഞ്ഞാല്‍ ഈ കാലയളവില്‍ ഇത് 5 മടങ്ങ് വര്‍ധിച്ചു.

ചിലരുടെ മാത്രമുള്ള ഈ വിചിത്രമായ വളര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ്:

> പ്രാഥമികമായി മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു സര്‍ക്കാര്‍ ആണ്. വാജ്‌പേയിയെയും അദ്വാനിയെയും മാറ്റിനിര്‍ത്തി മോദി പ്രധാനമന്ത്രിയായി ഉയര്‍ന്നുവരാന്‍ നിക്ഷേപം നടത്തിയത് അംബാനിയാണ്. കോര്‍പ്പറേറ്റ് കമ്പനികളും ആര്‍.എസ്.എസ്സും തമ്മില്‍ ഇടപാടുകള്‍ നടത്തിയത് അദാനിയാണ്.

> മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കി. അതുകൊണ്ടാണ് അവര്‍ മോദിയെ പിന്തുണച്ചത്. മോദിയെ പ്രധാനമന്ത്രിയാക്കിയാല്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പിന്തുണയ്ക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. രാജ്യത്തെയും അതിന്റെ വിഭവങ്ങളെയും നിയന്ത്രിക്കുന്നതിന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇടപെടലുകളില്‍ നിയന്ത്രണം ആവശ്യമായിരുന്നു. മാത്രമല്ല, ആര്‍.എസ.എസ് - ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനും അങ്ങേയറ്റം അധികാരത്തോടെ അവിടെ തുടരാനും ഈ കോര്‍പ്പറേറ്റ് കമ്പനികളുടെ സഹായവും ആവശ്യമായിരുന്നു. അങ്ങനെ ഉണ്ടാക്കിയ അവസരവാദപരവും പൈശാചികവുമായ ഒരു കരാറിന്റെ തുടര്‍ച്ചയാണ് മോദി സര്‍ക്കാര്‍.

> അവര്‍ അധികാരത്തില്‍ വന്നയുടന്‍, സര്‍ക്കാരിന്റെ കൈവശമുള്ള എല്ലാ പൊതുസ്വത്തുക്കളും അതിവേഗം സ്വകാര്യവത്കരിക്കുകയും തുച്ഛമായ വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്തു.

> ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, നോര്‍ത്ത് ഈസ്റ്റ് ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍, തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കാമരാജര്‍ പോര്‍ട്ട്, എയര്‍ ഇന്ത്യ തുടങ്ങി നൂറുകണക്കിന് ലാഭകരമായ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരണത്തിന്റെ മറവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിറ്റു.

> അംബാനിയുടെ ജിയോ ഫോണ്‍ കമ്പനിക്ക് ബി.എസ്.എന്‍എല്ലിനെ ശ്വാസം മുട്ടിച്ച് അനാവശ്യ നേട്ടം നല്‍കി. വിമാനത്താവളങ്ങള്‍, റെയില്‍വേ, റെയില്‍വേ ലൈനുകള്‍ എന്നിവ പോലും സ്വകാര്യവത്കരിക്കുകയും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. വന്‍ പൊതുചെലവില്‍ നിര്‍മിച്ച ഇവയെല്ലാം ഇപ്പോള്‍ ഒരുപിടി വന്‍കിട കോര്‍പ്പറേറ്റുകളുടെ കയ്യിലാണ്.

> ദേശീയ പാതകള്‍ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് മോദി സര്‍ക്കാര്‍ വീമ്പിളക്കുകയാണ്. എന്നാല്‍, വാസ്തവത്തില്‍, 8 ലക്ഷം കോടി രൂപ ചെലവില്‍ 26,700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാത വികസന പദ്ധതി 1.6 ലക്ഷം കോടി രൂപയ്ക്ക് അദാനിയെയും അംബാനിയെയും പോലുള്ള വ്യവസായികള്‍ക്ക് കൈമാറുകയാണ്.

> മോദിയുടെ നേതൃത്വത്തില്‍ 400 റെയില്‍വേ സ്റ്റേഷനുകള്‍, കൊങ്കണ്‍ റെയില്‍വേയുടെ 741 കിലോമീറ്റര്‍, 265 റെയില്‍വേ ഗുഡ്‌സ് ഷെഡുകള്‍, 90 പാസഞ്ചര്‍ ട്രെയിനുകള്‍, 25 പ്രധാന വിമാനത്താവളങ്ങള്‍, എന്‍.ടി.പി.സി, എന്‍.എച്ച്.പിസി, ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഗ്യാസ് പൈപ്പ്‌ലൈന്‍ അതോറിറ്റി, തുറമുഖങ്ങള്‍, എഫ്.സി.ഐ സംഭരണ സൗകര്യങ്ങളുടെ 39%, 160 കരങ്കല്‍ ക്വാറികള്‍, ഖനികള്‍, 2.86 ലക്ഷം ഒ.എഫ.്‌സി കേബിളുകള്‍... ഇവയെല്ലാം സ്വകാര്യവത്കരിക്കുകയും സ്വകാര്യ വ്യക്തികള്‍ക്ക്/കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യുന്നു. 


തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പകരമായി - ഇത് രാജ്യത്തെ ലേലം ചെയ്യുകയല്ലാതെ മറ്റെന്താണ്?

> ദശലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നതിനുപകരം മോദി സര്‍ക്കാര്‍ അത് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അനുവദിച്ചു. വികസനത്തിന്റെ മറവില്‍ ദശലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്ന് ബലമായി ഏറ്റെടുത്ത് അവര്‍ക്ക് കൈമാറി. മാറ്റം വരുത്തിയ വനനിയമങ്ങള്‍ക്കുള്ളില്‍ വേലികെട്ടി വനവാസികളുടെ ജീവിതം ജയില്‍വാസമാക്കിയിരിക്കുന്നു. അതേസമയം, ടൂറിസം വികസിപ്പിക്കുക, ഗവേഷണം നടത്തുക, വികസന പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ വികസന കാപട്യങ്ങളുടെ മറവില്‍ കമ്പനികള്‍ക്ക് വനഭൂമി നല്‍കുകയും ചെയ്തിട്ടുണ്ട്.

> സമ്പന്നര്‍ അവരുടെ പണം ബാങ്കുകളില്‍ നിക്ഷേപിക്കുകയും അത് ദരിദ്രര്‍ക്ക് വായ്പ നല്‍കുകയും ചെയ്യുന്നുവെന്ന് പലരും തെറ്റിദ്ധരിക്കുന്നു. വാസ്തവത്തില്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത് സാധാരണക്കാരാണ്. ഈ പണത്തിന്റെ ഭൂരിഭാഗവും കമ്പനികള്‍ക്ക് വായ്പയായി നല്‍കുകയാണ്. കമ്പനികള്‍ വായ്പ തിരിച്ചടയ്ക്കാത്ത പ്രതിഭാസം ഗണ്യമായി വര്‍ധിച്ചു. വായ്പ തിരിച്ചടക്കാത്ത കമ്പനികളുടെ ആസ്തി പിടിച്ചെടുക്കുന്നതിനുപകരം 30 ലക്ഷം കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.

> കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും സെസും ജി.എസ്.ടിയും വര്‍ധിപ്പിച്ചതിലൂടെ ജനങ്ങള്‍ കൂടുതല്‍ ഞെരുക്കത്തിലായി. എന്നാല്‍, ചില ശതകോടീശ്വരന്മാര്‍ക്ക് 55 ലക്ഷം കോടി രൂപയുടെ നികുതിയിളവും നല്‍കിയിട്ടുണ്ട്.

> കോര്‍പ്പറേറ്റ് കമ്പനികളുടെ നികുതി 33 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചു. പഴയ കമ്പനികള്‍ പുതിയ പേരുകളില്‍ വിവിധ മേഖലകളില്‍ നിലകൊള്ളുന്നു. പുതിയ കമ്പനികള്‍ക്കുള്ള പ്രോത്സാഹനത്തിന്റെ പേരില്‍ ഇവയുടെ നികുതി 15 ശതമാനമായി കുറച്ചു. ലോകത്ത് ഒരിടത്തും കമ്പനികള്‍ ഇത്രയും കുറഞ്ഞ നികുതി അനുഭവിക്കുന്നില്ലെന്ന് നാം ഓര്‍ക്കണം.

> കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അനുവദിച്ച ഇളവുകളും നികുതി ഇളവുകളും രാജ്യത്തിന്റെ മുഴുവന്‍ വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ കമ്പനികള്‍ക്ക് മോദി സര്‍ക്കാര്‍, സ്വര്‍ഗത്തിന് തുല്യമാണ്. (കോര്‍പ്പറേഷനുകള്‍ക്ക് ഒരു സ്വര്‍ഗ്ഗം പോലെ തോന്നാവുന്നത് പലപ്പോഴും സാധാരണക്കാര്‍ക്ക് നരകം മാത്രമാണ്.)

> അദാനി മോദിയുടെ ബിനാമിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ നിയമസഭയില്‍ തുറന്നടിച്ചിട്ടുണ്ട്. അദാനിയുടെ ഉടമസ്ഥതയിലുള്ളതെല്ലാം യഥാര്‍ഥത്തില്‍ മോദിയുടെ ഉടമസ്ഥതയിലാണെന്ന് പറയാന്‍ അദ്ദേഹം മടിച്ചില്ല. രാജ്യത്തിന്റെ വിശാലമായ പൊതുസമ്പത്ത് അവര്‍ എങ്ങനെയാണ് അദാനി കമ്പനിക്ക് കൈമാറിയതെന്നും ഓരോ വിദേശ യാത്രയിലും അദാനി കമ്പനിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ അവര്‍ അവിടത്തെ സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തിയതെങ്ങനെയെന്നും അദ്ദേഹം വെളിപ്പെടുത്തി.

(ഇതിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.)

> മോദി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ കോര്‍പ്പറേറ്റുകളുടെ, കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി, കോര്‍പ്പറേറ്റുകളാല്‍ രൂപപ്പെട്ട ഒരു സര്‍ക്കാരാണ് എന്നത് നാം മനസ്സിലാക്കേണ്ടതാണ്. പൊതുസമ്പത്ത് കൊള്ളയടിക്കാനും കര്‍ഷകരെ അടിച്ചമര്‍ത്താനും തൊഴിലാളികളെ ചൂഷണം ചെയ്യാനും എല്ലാ മേഖലകളിലും വ്യാപാരം കുത്തകയാക്കി നിലനിര്‍ത്താനും കോര്‍പ്പറേറ്റുകള്‍ക്ക് ഇത് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി.

> തെരഞ്ഞെടുത്ത ചില കോര്‍പ്പറേറ്റുകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നഗ്‌നമായ ബന്ധമുണ്ട്. അതിസമ്പന്നരായ ഗുജറാത്തി മാര്‍വാഡികളുടെ സര്‍ക്കാരാണിത്. കണ്ണ് തുറന്ന് നോക്കണം. ഹം ദോ, ഹമാരെ ദോ... രണ്ട് സമ്പന്നരായ മാര്‍വാഡികളും മറ്റ് രണ്ട് പേരും ഒരു വശത്ത് രാജ്യത്ത് നാശംവിതയ്ക്കുന്നു. മറുവശത്ത് അവര്‍ അവരുടെ നിധി പെട്ടികള്‍ നിറയ്ക്കുന്നു. ഈ മഹാന്മാരായ വില്ലന്മാരുടെയും, ജനങ്ങളെ ദ്രോഹിക്കുന്ന രാജ്യ ദ്രോഹികളുടെയും വലയില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍.

(തുടരും) കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ വിവര്‍ത്തനം: അലി ഹസ്സന്‍


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News