ജൈന ബസദി: കാഴ്ചകളും അനുഭവങ്ങളും

ഹലബിഡു സന്ദര്‍ശിച്ചപ്പോള്‍ കണ്ട ജൈന ബസദി സ്മാരകമാണ് ഒരു പ്രാര്‍ഥന നടക്കുന്ന ജൈന അമ്പലം കാണാന്‍ പൂതിക്ക് കാരണം. നിത്യപൂജയില്ലാത്ത ആര്‍ക്കിയോളജി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആ അമ്പലത്തില്‍ ആര്‍ക്കും എവിടേയും പ്രവേശനമുണ്ടായിരുന്നു. എല്ലാ തീര്‍ഥകേന്ദ്രങ്ങളും മറ്റൊരു ലോകത്തെ കാട്ടിതരാന്‍ മാത്രം പാകപ്പെട്ടവയാണ്. | യാത്ര

Update: 2024-05-17 04:23 GMT
Advertising

ചിലപ്പോള്‍ നമുക്ക് യാത്ര ചെയ്യാന്‍ തോന്നുക ഭൂപ്രകൃതിയുടെ സൗന്ദര്യം കൊണ്ട് മൂടി നമ്മുടെ കണ്ണും മനസ്സും ഒരുപോലെ കുളിര്‍പ്പിക്കുന്ന സ്ഥലങ്ങളില്‍ പോയി നമ്മെ സാന്ത്വനപ്പെടുത്താനാവും. ഈയിടെയായി അത് ഭക്തി തളം കെട്ടി നില്‍ക്കുന്ന മുറ്റങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഒന്നായി മാറീട്ടുണ്ട്. നിസ്വാര്‍ഥരായ ഭക്തരെ തേടി കണ്ടെത്താനൊക്കുമോന്ന് ഒരു ചിന്ത മനസ്സില്‍ നിറയുമ്പോള്‍, സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മതങ്ങളെ വര്‍ഗീകരിക്കുകയും വംശീകരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും പരസ്പരം അന്യരായും അസ്പൃശ്യരായും വെറുക്കാനും അകറ്റാനും പഠിപ്പിക്കുന്നത് ഭീതിയോടെ സങ്കടത്തോടെ മനസ്സിനെ അലട്ടുന്നുണ്ട്. മതസംഘങ്ങള്‍ക്കകത്ത് തന്നെ പല ഗ്രൂപ്പുകള്‍ വെറുപ്പ് തുപ്പി പകപോക്കുന്നു. ഇതിലെവിടെയും ഭക്തിക്ക് പ്രസക്തിയുണ്ടാവില്ല. ആത്മാവിനകത്തുനിന്ന് ആശ്വാസത്തിനും സാന്ത്വനത്തിനും വേണ്ടി ദൈവത്തെ വിളിക്കുന്ന സ്‌നേഹിക്കുന്ന ഭക്തരെ തേടുക എളുപ്പമാവില്ല. കാരുണ്യം കനിഞ്ഞൊഴുകുന്ന, പരസ്പരം കാണുമ്പോള്‍ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് അവരുടെ അടയാളം. മതം നോക്കിയല്ല, മനുഷ്യനെ തിരിച്ചറിയുന്ന സാധുവായ മറ്റൊരു മനുഷ്യന്റെ പുഞ്ചിരി. പ്രാര്‍ഥിച്ച് മനം നിറച്ച ആശ്വാസത്തോടെ പ്രാര്‍ഥനാ മന്ദിരങ്ങളില്‍ സ്വസ്ഥപ്പെട്ടിരിക്കുന്ന മനുഷ്യരെ നിരീക്ഷിക്കുമ്പോള്‍ അവരില്‍ നിന്നും കിട്ടുന്ന ഒരു വൈബുണ്ട്. ഒരു ശക്തി, ബലം, അതെന്നെ വല്ലാതെ സ്വാസ്ഥ്യപ്പെടുത്തുന്നു. എന്തിനെന്നറിയാത്ത, മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കണ്ണാടിയിലെ പ്രതിബിംബം പോലെ നോക്കികാണുന്ന സന്തോഷം. അവരിലെ സന്തോഷവും ദുഖവും പ്രാര്‍ഥനയും ആശങ്കയും പ്രാര്‍ഥനയില്‍ അവര്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ആശ്രയവും സ്വസ്ഥതയും എന്റേതുകൂടിയാവുന്ന എന്നെ കാണുന്ന പോലെ അവരെ കാണുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാന്‍ ഒക്കുന്നതല്ല. പച്ചയായ മനുഷ്യരെ ഒരേ ചൈതന്യം കുടികൊള്ളുന്ന ആത്മാക്കളെ അനുഭവിക്കുമ്പോള്‍ നാം കൂടുതല്‍ നല്ല നാമായി പരിണമിക്കുന്ന പോലെ സംതൃപ്തി തരുന്നു.

സാവിര കമ്പട ബസദി ജൈനക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രാദേശിക ഭരണാധികാരിയായ ദേവരായ വാദിയാര്‍ നിര്‍മിച്ചതാണ്. 1962-ല്‍ ക്ഷേത്രം നവീകരിച്ചു. ആയിരം തൂണുകളില്‍ ഓരോന്നിനും അതിമനോഹരമായ പാറ കൊത്തുപണികള്‍ ഉണ്ട്. തൂണുകളെക്കുറിച്ചുള്ള രസകരമായ വസ്തുത, രണ്ട് തൂണുകളും ഒരുപോലെയല്ലെന്ന് പറയപ്പെടുന്നു. ശില കൊത്തുപണികളുടെ പൂര്‍ണ്ണത, സമമിതി, ആന്തരിക വിശദാംശങ്ങള്‍ എന്നിവ ഈ അത്ഭുതകരവും വിശദവുമായ വാസ്തുവിദ്യയില്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കും.

വര്‍ഗീയ വിഷം ചീറ്റുന്ന ചുറ്റുപാടിലിരുന്ന് മതങ്ങളെ ആശങ്കയോടെ വീക്ഷിക്കുമ്പോള്‍ യഥാര്‍ഥ ഭക്തയിലോ ഭക്തരിലോ അതുകാണാത്തപ്പോള്‍ പുല്‍കുന്ന ഒരാശ്വാസമുണ്ട്. ചിലപ്പോള്‍ അതാവും ഈ അന്തരീക്ഷത്തില്‍ ഞാന്‍ തേടാന്‍ ശ്രമിക്കുന്നത്. ഭക്തിയുടെ പാതയിലെ സഞ്ചാരത്തിന്റെ ഏതു വളവിലാണ് അന്യരെ സൃഷ്ടിക്കുന്ന, വെറുക്കാന്‍ പഠിപ്പിക്കുന്ന ആ ചെകുത്താന്‍ പതിഞ്ഞിരിക്കുന്നതെന്ന തേടലാവാം ഇത്തരത്തിലുള്ള യാത്രക്ക് ഒരു പക്ഷെ പ്രേരണ. അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ലാത്ത തെറ്റായ നീചമായ ശുദ്ധമതസങ്കല്‍പ്പം സൃഷ്ടിച്ചെടുക്കുന്ന ആ വ്യവസ്ഥയ്ക്ക് വിധേയപ്പെട്ട് അകറ്റുന്ന ജാതി - മത വേര്‍തിരിവിന്, സ്ത്രീകള്‍ക്കൊക്കെ അശുദ്ധികല്‍പ്പിക്കുന്ന വിശ്വാസത്തിന്റെ നീചമുഖത്തെ കണ്ടെത്താനുള്ള യാത്രയുമാവാം. ഒരാളിലെ ഉള്ളറിഞ്ഞ വിശ്വാസവും യുക്തിയും ദൈവസ്‌നേഹവും ഭക്തിയും പഠിച്ചെടുക്കുന്ന മതശാസനകളും മത ആശയങ്ങളും പലപ്പോഴും പരസ്പരം സംഘട്ടനങ്ങളിലാണ്. നിര്‍മല ഭക്തരായ ലോലമനസ്‌കര്‍ വലിയ സംഘര്‍ഷത്തിലും വിഭ്രാന്തിയിലുമാണ്. ഭക്തി തളം കെട്ടിനിക്കുന്ന, അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന ഇടങ്ങള്‍ തേടി സഞ്ചാരങ്ങള്‍ ഇനിയുമുണ്ടാവാം. മസ്ജിദുകള്‍, ഗുരുദ്വാരകള്‍, ക്രിസ്ത്യന്‍പള്ളികള്‍, ദര്‍ഗകള്‍, കയറ്റാന്‍ സന്നദ്ധരാവുന്ന ഹിന്ദു അമ്പലങ്ങള്‍, ബുദ്ധവിഹാരം. ഒക്കെ മുന്‍പ് സന്ദര്‍ശിച്ചിട്ടുണ്ട്.

പൂജകളും പ്രാര്‍ഥനകളും നടക്കുന്ന ജൈന അമ്പലമായിരുന്നു (ജൈന ബസദി എന്നാണ് കര്‍ണ്ണാടകയില്‍ അറിയപ്പെടുന്നത്) ഇത്തവണ ലക്ഷ്യം. അതു ഞങ്ങളെ മൂഡബിദ്രിയില്‍ എത്തിച്ചു. 'കര്‍ണാടകയിലെ മൂടുബിദ്രി പട്ടണത്തിലുള്ള 18 ജൈനക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാവിര കമ്പട ബസദി (ആയിരം സ്തംഭ ക്ഷേത്രം). ഇതില്‍ ഏറ്റവും മികച്ചത് 15-ാം നൂറ്റാണ്ടിലെ ചന്ദ്രനാഥ ബസദിയാണ്, ഇത് ആയിരം തൂണുകളുടെ ബസദി എന്നും അറിയപ്പെടുന്നു. രണ്ട് തൂണുകളും സമാനമല്ല എന്നതാണ് ഈ ബസദിയുടെ പ്രത്യേകത. ത്രിഭുവന തിലക ചൂഡാമണി ക്ഷേത്രം എന്നാണ് ഔദ്യോഗിക നാമം. ആയിരം തൂണുകളുള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ജൈന തീര്‍ഥങ്കരനായ ചന്ദ്രപ്രഭയാണ്. അത്ഭുതകരവും വിശദവുമായ വാസ്തുവിദ്യ. എല്ലാ ജൈന ക്ഷേത്രങ്ങളിലെയും പൊതു സവിശേഷതയായ 50 അടി ഉയരമുള്ള ഏകശിലാ മഹാസ്തംഭം (ഭീമന്‍ സ്തംഭം) ആയിരം തൂണുകളുള്ള ക്ഷേത്രത്തിന് മുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. 


ഈ ക്ഷേത്രസമുച്ചയത്തിന് മൂന്ന് നിലകളും ഏഴ് മണ്ഡപങ്ങളും (മണ്ഡപം പോലെയുള്ള ഘടന) ഉണ്ട്. താഴത്തെ നില കല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്, ഒന്നും രണ്ടും നിലകള്‍ മരം കൊണ്ട് നിര്‍മിച്ചതാണ്. ഈ ജൈനക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രാദേശിക ഭരണാധികാരിയായ ദേവരായ വാദിയാര്‍ നിര്‍മിച്ചതാണ്. 1962-ല്‍ ക്ഷേത്രം നവീകരിച്ചു. ആയിരം തൂണുകളില്‍ ഓരോന്നിനും അതിമനോഹരമായ പാറ കൊത്തുപണികള്‍ ഉണ്ട്. തൂണുകളെക്കുറിച്ചുള്ള രസകരമായ വസ്തുത, രണ്ട് തൂണുകളും ഒരുപോലെയല്ലെന്ന് പറയപ്പെടുന്നു. ശില കൊത്തുപണികളുടെ പൂര്‍ണ്ണത, സമമിതി, ആന്തരിക വിശദാംശങ്ങള്‍ എന്നിവ ഈ അത്ഭുതകരവും വിശദവുമായ വാസ്തുവിദ്യയില്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കും. ദക്ഷിണേന്ത്യയിലെ 'ജൈന വാരണാസി' എന്നാണ് മൂഡബിദ്രി അറിയപ്പെടുന്നത്. ബസദികള്‍ അല്ലെങ്കില്‍ ജൈന ക്ഷേത്രങ്ങള്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ഉടനീളം കാണപ്പെടുന്നു, എന്നാല്‍, ഇവിടെയുള്ള ബസദികള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്, അവ ഏറ്റവും അലങ്കാരമായി കണക്കാക്കപ്പെടുന്നു. ദക്ഷിണ കന്നഡയിലെ ജൈന തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രധാനസ്ഥലങ്ങളാണ് വേണൂര്‍, ധര്‍മസ്ഥല, മൂഡബിദ്രി.' ( Department of Tourism, Karnataka)

ഒന്നിനോടൊന്ന് സാമ്യമില്ലാത്ത ആയിരം തൂണുകള്‍. വ്യത്യസ്തമായ കൊത്തുപണികളാല്‍ പരസ്പരം സാമ്യമില്ലാതിരിക്കുന്നു. ഗംഭീര ശില്‍പവേലകളാല്‍ സമൃദ്ധമാണ് ഓരോ തൂണും. പൂജകള്‍ നടക്കുന്ന പ്രാര്‍ഥനകള്‍ നടക്കുന്ന അമ്പലം. മുന്‍പ് സന്ദര്‍ശിച്ചിട്ടുള്ള ജൈനക്ഷേത്രം പോലെ എല്ലായിടവുമില്ല പ്രവേശനം. അമ്പലത്തിനകത്ത് നിശ്ചിത ഇടംവരെയേ അന്യമതസ്ഥര്‍ക്ക് പ്രവേശനമുള്ളൂ. അവിടെ നിന്ന് എട്ടാമത്തെ ജൈന തീര്‍ഥങ്കരനായ ചന്ദ്രനാഥ സ്വാമിയുടെ എട്ടടി ഉയരമുള്ള വിഗ്രഹം കാണാം. അരിമണികള്‍, പൂക്കള്‍, ചിലപൂജാദ്രവ്യങ്ങള്‍ ഒക്കെ വിതറിയ ഒരു കുഞ്ഞു പീഠം പ്രാര്‍ഥിക്കുന്ന ഇടത്തില്‍ ഉണ്ട്. സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള ഇടത്ത് നിന്നാല്‍ അമ്പലത്തിനകത്ത് നടക്കുന്ന പൂജകളും പ്രാര്‍ഥനാ രീതികളും കാണാം. ബുദ്ധവിഹാരത്തിലെന്ന പോലെ ഭക്തര്‍ ഉച്ചത്തില്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുന്നതു കൗതുകത്തോടെ നോക്കിനിന്നു. അങ്ങനെ ഭക്തര്‍ പ്രാര്‍ഥനയില്‍ ലയിക്കുന്നു. നല്ല ഈണത്തില്‍ ചൊല്ലുന്ന മന്ത്രങ്ങള്‍ കേള്‍ക്കുന്നത് സുഖമുള്ള ധന്യത നല്‍കുന്നു. ഒന്നും അലട്ടാത്ത പോലെ മനസ്സില്‍ മറ്റൊന്നും പതിയാത്ത പോലെ തന്റെ തന്നെ പ്രാര്‍ഥനകള്‍ ഉച്ചത്തില്‍ കേട്ട് അവര്‍ ഭക്തിയില്‍ മുഴുകുന്നു. പിന്നീട് പ്രതിഷ്ഠയ്ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു, മണിമുഴക്കുന്നു. പൂജാരിയിരിക്കുന്ന ഇടത്തിലേക്ക് ഭക്തര്‍ക്കും പ്രവേശനമില്ല. പലതും ഹിന്ദു അമ്പലങ്ങളിലെ രീതികളെപോലെ തോന്നി. എന്നാല്‍, ഭക്തര്‍ക്ക് പ്രസാദം കൊടുക്കുന്നതായി കണ്ടില്ല. ഞങ്ങള്‍ക്ക് കയറി നിക്കാനുള്ള ഇടങ്ങളില്‍ ഒരുപാട് പാത്രങ്ങള്‍ വെള്ളം നിറച്ചുവെച്ചു കണ്ടിരുന്നു. ഇങ്ങനെ ധാക്കയിലെ ബുദ്ധവിഹാരത്തിലും കണ്ടിരുന്നു. എന്നാല്‍, ബുദ്ധവിഹാരത്തില്‍ പൂജാരിയെ കണ്ടിരുന്നില്ല. അവിടെ എല്ലായിടവും എല്ലവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ജൈന ബസദിയ്ക്ക് പുറത്ത് നീണ്ട തൂണുകള്‍ക്ക് ചുറ്റുമുള്ള വരാന്തയില്‍ ആര്‍ക്കുവേണമെങ്കിലും ചുറ്റിതിരിയാം വിശ്രമിക്കാം. 


ഹലബിഡു സന്ദര്‍ശിച്ചപ്പോള്‍ കണ്ട ജൈന ബസദി സ്മാരകമാണ് ഒരു പ്രാര്‍ഥന നടക്കുന്ന ജൈന അമ്പലം കാണാന്‍ പൂതിക്ക് കാരണം. നിത്യപൂജയില്ലാത്ത ആര്‍ക്കിയോളജി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആ അമ്പലത്തില്‍ ആര്‍ക്കും എവിടേയും പ്രവേശനമുണ്ടായിരുന്നു. എല്ലാ തീര്‍ഥകേന്ദ്രങ്ങളും മറ്റൊരു ലോകത്തെ കാട്ടിതരാന്‍ മാത്രം പാകപ്പെട്ടവയാണ്. ഈ അമ്പലത്തില്‍ പ്രവേശനത്തിനും ഫോട്ടോ എടുക്കാനും ഫീസ് ഈടാക്കുന്നുണ്ട്.

ഗോമതേശ്വര (ബാഹുബലി) ബസദി കൂടി കണ്ടുവരാന്‍ താല്‍പര്യമുണ്ടായിരുന്നു. ദൂരം കൂടിയതുകൊണ്ട് അടുത്ത തവണത്തേക്ക് മാറ്റി. പകരം ധര്‍മസ്ഥലത്തെ ബാഹുബലി സ്റ്റാച്യൂ കണ്ടു തല്‍ക്കാലം തൃപ്തിയടഞ്ഞു. ഇനിയും ഒരുപാട് അമ്പലങ്ങള്‍ നമ്മെ കാത്ത് കര്‍ണ്ണാടകയില്‍ കിടപ്പുണ്ട് നമുക്കടുത്ത്. പതിയെ ഓരോന്ന് കണ്ടിറങ്ങണം. ഭക്തരുടെ മനുഷ്യരുടെ അമ്പലങ്ങളുടെ സാംസ്‌കാരിക പരിണാമങ്ങള്‍ അറിയാന്‍ ശ്രമിക്കണം. കാലം അതുതേടുന്നു. മതങ്ങളുടെ നൈസര്‍ഗ്ഗികമായ നിലനില്‍പ്പിനുപോലും. 


കെട്ടിടങ്ങളുടെ നിര്‍മാണരീതിക്കു തന്നെ എത്ര ചരിത്ര സത്യങ്ങള്‍ വിവരിക്കാനുണ്ടാവും. നിര്‍മിച്ച കാരണങ്ങള്‍, അതിനുണ്ടായ സാഹചര്യങ്ങള്‍, ആരാധനാലയങ്ങളിലെ ഭരണക്രമങ്ങള്‍, അങ്ങനൊന്നുണ്ടായിരുന്നോ ആരായിരുന്നിരിക്കണം അതിന്റെ അധികാരികള്‍ ഭക്തിയുടെ പേരില്‍ പണസംഭരണങ്ങള്‍ നടത്തിയിരുന്നോ എന്നൊക്കെ ആലോചിക്കേണ്ടതാണ്. നാടിന്റെ നിത്യചിലവിനുള്ള ധനസമാഹരണം കുറയുമ്പോള്‍ ജാതി മത ഭേദമന്യേ നാട്ടുരാജ്യങ്ങള്‍ പരസ്പരം ആക്രമിക്കുകയും പണം സംഭരിക്കാന്‍ കൊള്ളയടിക്കുകയും ചെയ്യുക പതിവായിരുന്നല്ലൊ. അന്നേരങ്ങളില്‍ കൊള്ളയ്ക്ക് വേണ്ടി കൂടുതല്‍ അക്രമിക്കപ്പെട്ടത് അമ്പലങ്ങളായിരുന്നു എന്ന് ചരിത്രം പറയുമ്പോള്‍ ഹിന്ദുരാജ്യക്കന്മാര്‍ പോലും അയല്‍രാജ്യങ്ങളെ ആക്രമിക്കുമ്പോള്‍ അമ്പലങ്ങള്‍ പോലും കൊള്ളയടിച്ചിരുന്നു എന്നത് രാജ്യവും അതിന്റെ സമ്പത്തും വിസ്തൃതിയും വ്യാപ്തിയും അവര്‍ക്ക് മറ്റെന്തിനെക്കാളും മുഖ്യമായിരുന്നെന്ന് വ്യക്തമാക്കുന്നു. (ഉദാ: പതിനെട്ടാം നൂറ്റാണ്ടില്‍ മറാത്തക്കാര്‍ ജഗന്നാഥ പുരി ക്ഷേത്രം ആക്രമിച്ചു. ഹര്‍ഷ, ഹര്‍ഷദേവന്‍ (ഭരണകാലം 1089-1101 CE) കശ്മീരിലെ ഒരു ഹിന്ദു രാജാവായിരുന്നു. തന്റെ സൈന്യത്തിന് വേണ്ടിയുള്ള അമിതമായ ചെലവും അര്‍ഥശൂന്യമായ ആനന്ദവും അദ്ദേഹത്തെ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ ഉള്‍പ്പെടുത്തി. ഭീമസാഹിയിലെ നിധികള്‍ ആകസ്മികമായി കണ്ടെത്തുന്നത് മറ്റ് ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ദേവന്റേയും ദേവിയുടെയും സ്വര്‍ണ്ണവും വെള്ളിയും ഉരുക്കാനും തുടങ്ങി.) രാജാക്കന്മാരുടെ ക്ഷേത്രാക്രമണം സമ്പത്ത് കൊള്ളയടിക്കുക എന്നല്ലാതെ വര്‍ഗ്ഗീയ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല മിക്കതും. ഇതില്‍നിന്നും അമ്പലങ്ങള്‍ കേവലം പ്രാര്‍ഥനയ്ക്കുമാത്രമല്ല ധനസമാഹരണത്തിനും സൂക്ഷിപ്പിനും സുരക്ഷിത ഇടമായും ഭരണാധികാരികള്‍ കണ്ടിരിക്കണം. തന്റെ ഭരണകാലത്തെ പ്രതാപം കാണിക്കാന്‍ ഗംഭീര വാസ്തുവിദ്യയുടെ കെട്ടിടങ്ങളായി ആരാധനാലയങ്ങള്‍ മാറിയ ചരിത്രവും നമുക്കറിയുന്നതാണ്. ഇത്തരത്തിലൊക്കെ അന്നത്തെ സംസ്‌കാരത്തില്‍ ഭരണചക്രത്തില്‍ ആരാധനാലയങ്ങളുടെ പ്രസക്തി എങ്ങനൊക്കെയായിരിക്കമെന്ന് ഊഹിച്ചെടുക്കുന്നതും ഭാവനയില്‍ കാണുന്നതും മറ്റൊരു അനുഭവം സമ്മാനിക്കുന്നു. അവിടെ നടന്നിരുന്ന ആചാരങ്ങള്‍, ഉത്സവങ്ങള്‍, അതു നിര്‍മ്മിച്ച ഭരണാധികാരികള്‍ അന്നത്തെ ചരിത്രത്തിലേക്ക് മാത്രമല്ല സംസ്‌കാരത്തിലേക്കും ജീവിത രീതികളിലേക്കും വെളിച്ചം വീശുന്നു. ഇതൊക്കെ ചിലനേരങ്ങളില്‍ നാട്ടുരാജ്യങ്ങള്‍ പരസ്പരം ഭരണത്തിലേക്കും സംസ്‌കാരങ്ങളിലേക്കും സമ്പത്തിലേക്കും എന്തിനേറെ, മതങ്ങളിലേക്കുംവരെ നടത്തിയ അധിനിവേശങ്ങളുടെ തെളിവുകള്‍ ബാക്കിവെക്കുന്നു. ഇന്ത്യ ഒറ്റ രാജ്യമായിരുന്നില്ലെന്നും പല ഭാഷ പല മതം പല വേഷം പല സംസ്‌കാരം പല ഭക്ഷണം പല ഉത്സവങ്ങള്‍ പല ജീവിതരീതികളുടെ, കുഞ്ഞുകുഞ്ഞ് നാട്ടുരാജ്യങ്ങളുടെ സംഗമഭൂമികയായിരുന്നെന്നും ആ വൈവിധ്യമാണതിന്റെ സൗന്ദര്യമെന്നും കണ്ണടച്ച് ഇരുട്ടാക്കിയാല്‍ ഇതൊന്നും ഇല്ലാതാവില്ലെന്നും നമ്മോട് ഉറക്കെ പറയുന്ന ചരിത്രസ്മാരകങ്ങള്‍, ഉറച്ച തെളിവോടെ ചിലതൊക്കെ നമ്മോട് ഓതികൊണ്ടിരിക്കുന്നു. മനസ്സുള്ളോര്‍ക്ക് ശ്രദ്ധയുള്ളോര്‍ക്ക് മനസ്സിലാക്കാന്‍ പാകത്തില്‍. അതാണ് സ്മാരകങ്ങളുടെ ദൗത്യവും. 


ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തിന് ഭാവിക്ക് പാഠങ്ങള്‍ പഠിപ്പിക്കുക എന്നുള്ള വലിയ ആ കടമകള്‍ സ്മാരകങ്ങള്‍ നിറവേറ്റട്ടെ. അതൊന്നും തകര്‍ക്കാതെ അതിലെ പാഠങ്ങള്‍ ഉള്‍കൊണ്ടു ആ സംസ്‌കാരങ്ങളിലൂടെ ആ കാലഘട്ടത്തിന്റെ നരവംശപഠനങ്ങളുടെ വര്‍ണ്ണവൈവിധ്യം നോക്കി നില്‍ക്കാന്‍ നമുക്കാവട്ടെ. ജനാധിപത്യം തന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന നാട്ടില്‍ എത്രകാലം സ്മാരകങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമെന്ന് ആര്‍ക്കറിയാം. ചരിത്രങ്ങള്‍ മായ്ച്ചുകളയും മുന്‍പ്, സ്മാരകങ്ങള്‍ യാതൊരു കുറ്റബോധവുമില്ലാതെ ഏക മതം ഏക രാജ്യം ഏക ഭാഷ എന്നൊക്കെ പുലമ്പുന്ന ഭീകരരാല്‍ തകര്‍ക്കപ്പെടും മുന്‍പ് ഓര്‍മകളും ചരിത്രങ്ങളും മറോട് ചേര്‍ക്കട്ടെ. യാത്രകള്‍ അതിനു കൂടിയാവട്ടെ. എല്ലാത്തിനും കാലം സാക്ഷി, ചിലതിനൊക്കെ നമ്മളും.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സുജി മീത്തല്‍

Writer

Similar News