ജുഡീഷ്യറിഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം - ഡി. രാജ

പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണത്തെ ചോദ്യം ചെയ്യുന്നതില്‍ ജുഡീഷ്യറിക്ക് വലിയ പങ്കുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ജുഡീഷ്യറിയെന്ന് ഡി. രാജ

Update: 2023-11-05 18:42 GMT

ഭരണഘടനാ മൂല്യങ്ങളെ ജുഡീഷ്യറി ഉയര്‍ത്തിപ്പിടിക്കണമെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. നീതിന്യായ വ്യവസ്ഥ അതില്‍ പരാജയപ്പെട്ടാല്‍ വിധിന്യായങ്ങള്‍ ചോദ്യം ചെയ്യപ്പെടും. കേരള നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് 'റോള്‍ ഓഫ് ദ ജുഡീഷ്യറി ഇന്‍ പ്രൊട്ടക്റ്റിംഗ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡിഗ്‌നിറ്റി ഓഫ് ദ സിറ്റിസണ്‍സ്' എന്ന വിഷയത്തില്‍ നടന്ന കെ.എല്‍.ഐ.ബി.എഫ്. ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണത്തെ ചോദ്യം ചെയ്യുന്നതില്‍ ജുഡീഷ്യറിക്ക് വലിയ പങ്കുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ജുഡീഷ്യറി. ഭരണഘടനയുടെ സംരക്ഷകനായി ജുഡീഷ്യറി പ്രവര്‍ത്തിക്കണം. ജുഡീഷ്യറിയില്‍ സാമൂഹിക പ്രാതിനിധ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര സ്ത്രീ, ദളിത്, ഒ.ബി.സി. ജഡ്ജികള്‍ നീതിന്യായ വ്യവസ്ഥയിലുണ്ടെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് ഫെഡറലിസവും മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കപ്പെടുന്നു. എല്ലാ നയങ്ങളുടെയും ലക്ഷ്യം ജനങ്ങളുടെ ക്ഷേമമായിരിക്കണം. ഭരണഘടന രാജ്യത്തിന്റെ അടിസ്ഥാന നിയമമാണ്. തലമുറകള്‍ പിന്തുടരേണ്ട പല കാര്യങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടുണ്ട്. പാത കാട്ടുന്ന വെളിച്ചമാണ് ഭരണഘടനയെന്നും ഡി. രാജ പറഞ്ഞു.

Advertising
Advertising

നമ്മള്‍ ഒരു രാജഭരണത്തിന് കീഴിലല്ല ജീവിക്കുന്നത്. നമ്മള്‍ ഒരു റിപ്പബ്ലിക്ക് രാജ്യത്താണ് ജീവിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. നമ്മള്‍ അടിമകളല്ലെന്നും നമ്മള്‍ ഭരണഘടനയുടെ നിര്‍മ്മാതാക്കളാണെന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  


ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി വന്‍തുക ലഭിച്ചു. കോര്‍പറേറ്റുകളില്‍ നിന്ന് പാര്‍ട്ടി എത്ര തുക കൈപ്പറ്റിയെന്ന കാര്യത്തില്‍ ഒരു സുതാര്യതയുമില്ല. ഇന്ത്യയെ പുനര്‍നിര്‍വചിക്കാനും ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യയില്‍ മനുസ്മൃതി കൊണ്ടുവരാനുമാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമം, സ്വവര്‍ഗ വിവാഹം, ഗുജറാത്ത് കലാപം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ജി.എസ്.ടി., യു.എ.പി.എ. തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സംവദിച്ചു.



 



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News