ജനപ്രിയ സംഗീതവുമായി ഇറ്റ്‌ഫോക്കില്‍ ഇന്ന് 'ത്രികായ'

സംഗീതത്തിന്റെ മൂന്ന് ശരീരങ്ങള്‍ എന്ന അര്‍ഥത്തിലാണ് 'ത്രികായ' അവതരിപ്പിക്കുന്നത്.

Update: 2024-02-15 08:05 GMT
Advertising

കര്‍ണാടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യന്‍ വിഭാഗത്തിലും ക്ഷേത്ര വാദ്യത്തിലും പെട്ട 11 സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ജനകീയ സംഗീതവുമായി ഇറ്റ്‌ഫോക്കില്‍ ഇന്ന് 'ത്രികായ' ആവേശതരംഗങ്ങള്‍ സൃഷ്ടിക്കും. രാത്രി 10 ന് റീജ്യണല്‍ തിയറ്റര്‍ അങ്കണത്തില്‍ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും പ്രകാശ് ഉള്ള്യേരിയുമാണ് നേതൃത്വം നല്‍കുന്നത്. മെലഡിയില്‍ പ്രകാശും താളത്തില്‍ മട്ടന്നൂരും കമ്പോസ് ചെയ്തതാണ് പരിപാടി. ജനപ്രിയങ്ങളായ സിനിമാഗാനങ്ങള്‍ അകമ്പടിയായി ഉണ്ടാകും.

ആസ്വാദകര്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ അവതരിപ്പിച്ചാണ് പരിപാടി വികസിക്കുകയെന്ന് പ്രകാശ് പറഞ്ഞു. കീബോര്‍ഡും തന്റെ കുട്ടി ഹാര്‍മോണിയുമായി പ്രകാശും ചെണ്ടയുമായി മട്ടന്നൂരും മനോധര്‍മങ്ങളുമായി മുന്നേറും. അഛനോടൊപ്പം കോല്‍പ്പെരുക്കാന്‍ മട്ടന്നൂര്‍ ശ്രീകാന്തുമുണ്ട്. മറ്റൊരു മകന്‍ ശ്രീരാജും ഈ നിരയിലുള്ളയാളാണ്. മഹേഷ് തിരുവനന്തപുരം (തബല, മൃദംഗം), റോജോ ആന്റണി തിരുവനന്തപുരം (വയലിന്‍), ഒറ്റപ്പാലം ഹരി (തിമില), ഋഷികേശ് (ഡ്രംസ്), ജാക്‌സണ്‍ (ബേസ് ഗിറ്റാര്‍), അജിത് മാരാര്‍ (ഇലത്താളം) എന്നിവരുമാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍.

സംഗീതത്തിന്റെ മൂന്ന് ശരീരങ്ങള്‍ എന്ന അര്‍ഥത്തിലാണ് 'ത്രികായ' എന്ന് പേരിട്ടതെന്ന് പ്രകാശ് പറഞ്ഞു. ഏറെകാലത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് ഇത് ആവിഷ്‌കരിച്ചത്. പാലക്കാട്ട് ഇതിനായി 10 ദിവസത്തെ ക്യാമ്പ് റിഹേഴ്‌സല്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഓണത്തിന് കോഴിക്കോട് ബീച്ച് ഫെസ്റ്റിവെല്ലിലാണ് ഇതിന്റെ അരങ്ങേറ്റം. തുടര്‍ന്ന് തിരുവനന്തപുരം, കുന്നംകുളം എന്നിവിടങ്ങളിലും വിദേശത്തും അരങ്ങേറി.

എല്ലായിടത്തും ജനകീയമായി അരങ്ങേറിയ പരിപാടിയാണിത്. സ്വന്തം കമ്പോസിങ്ങിലുള്ള അവതരണങ്ങള്‍ കഴിഞ്ഞാല്‍ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ആവശ്യപ്പെടാം. അതനുസരിച്ചാവും പരിപാടി. ജനങ്ങള്‍ ആഗ്രഹിക്കുന്നത് നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് പ്രകാശ് പറഞ്ഞു.


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - സക്കീര്‍ ഹുസൈന്‍

Media Person

Similar News