പ്രചാരണങ്ങൾ വ്യാജം; നസിറുദ്ദീൻ ഷാക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ലെന്നു ഭാര്യ
2019 ജൂലൈ മുതൽ സജീവമായ അക്കൗണ്ടിനെതിരെ ട്വിറ്ററിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് രത്ന പഥക് ഷാ പറഞ്ഞു
തന്റെ ഭർത്താവും ഹിന്ദി ചലച്ചിത്ര നടനുമായ നസിറുദ്ദീൻ ഷാക്ക് ട്വിറ്ററിൽ അക്കൗണ്ട് ഇല്ലെന്നു ഭാര്യയും വിഖ്യാത നടിയുമായ രത്‌ന പഥക്. താരത്തിന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നും കർഷക സമരത്തെ അനുകൂലിച്ചു പോസ്റ്റ് ചെയ്ത ട്വീറ്റുകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് കുടുംബത്തിന്റെ വിശദീകരണം.
അമ്പതിനായിരത്തോളം പേർ പിന്തുടരുന്ന അക്കൗണ്ടിൽ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന മനുഷ്യവകാശ സംഘടനക്ക് നൽകിയ അഭിമുഖവും പോസ്റ്റ് ചെയ്തിട്ടുണ്ട്. എഴുപത് വയസ്സുള്ള താരം കഴിഞ്ഞ മാസം നൽകിയ അഭിമുഖത്തിൽ കർഷക സമരത്തെ പിന്തുണക്കുന്നുണ്ട്.
2019 ജൂലൈ മുതൽ സജീവമായ അക്കൗണ്ടിനെതിരെ ട്വിറ്ററിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് രത്ന പഥക് ഷാ പറഞ്ഞു. നേരത്തെ താരത്തിന്റെ പേരിൽ ഫേസ്ബുക്കിലും വ്യാജ അക്കൗണ്ട് സജീവമായിരുന്നെങ്കിലും താരം ഫേസ്‌ബുക്കിൽ ചേരുകയും വെരിഫൈ ചെയ്യപ്പെടുകയും ചെയ്തതോടെ മറ്റുള്ള അക്കൗണ്ടുകൾ നിർജീവമാക്കി.