ജുഡീഷ്യല്‍ നിമയനങ്ങള്‍ വൈകുന്നു, കേന്ദ്രത്തിനെതിരെ സുപ്രിം കോടതി
എന്ത് അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ തടഞ്ഞ് വെച്ചിരിക്കുന്നവെന്ന് വ്യക്തമാക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ്
ജുഡീഷ്യല്‍ നിയമനങ്ങള്‍ വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ വിമര്‍ശം. എട്ട് മാസം മുമ്പ് കൊളീജിയം അനുമതി നല്‍കിയ നിയമനങ്ങള്‍ പോലും നടക്കുന്നില്ല. എന്ത് അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ തടഞ്ഞ് വെച്ചിരിക്കുന്നവെന്ന് നാലാഴ്ച്ചക്കകം വ്യക്തമാക്കണമെന്നും അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സുപ്രിം കോടതിയിലെയും സംസ്ഥാന ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും സുപ്രിം കോടതിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് നിയമനങ്ങള്‍ വൈകുന്നതില്‍ സുപ്രിം കോടതി കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും മുടങ്ങിക്കിടക്കുകയാണെന്നും ഇത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
എട്ട് മാസം മുമ്പ് കൊളീജിയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കിയ നിയമനങ്ങള്‍ പോലും ഇതുവരെ നല്‍കിയിട്ടില്ല. ഏത് അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ നിയമനങ്ങള്‍ തടഞ്ഞ് വെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണം. നിയമനങ്ങളുമായി ബന്ധപ്പെട്ട് കൊളീജിയം എടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പിലാക്കിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്യണം. ഈ വിവരങ്ങള്‍ നാലാഴ്ചക്കം കോടതിയെ അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.