മഹുവാ മൊയ്ത്രക്ക് കേരള പൊലീസിൻ്റെ നോട്ടീസ്; 'കമ്മീഷൻ്റെ കത്തിലെ ബിജെപി സീല്‍' പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്ന്

തൻ്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു

Update: 2026-03-25 12:05 GMT

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്. പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ഉടനടി നീക്കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

പൊലീസിന്റെ നോട്ടീസ് മഹുവ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍ ബിജെപി ചിഹ്നം പതിച്ച ഫോട്ടോ താന്‍ എക്‌സില്‍ പങ്കുവെച്ചിരുന്നെന്നും അത് 'സാമുദായിക ഐക്യം' ഇതിനേക്കാള്‍ തകര്‍ക്കുന്നതാണെന്നും പൊലീസ് നടപടിയെ പരിഹസിച്ച് മഹുവ പറഞ്ഞു. 'വാനിഷ് കുമാര്‍' എന്നാണ് മഹുവ കമ്മീഷനെ വിശേഷിപ്പിച്ചിരിക്കുന്നത്. 

Advertising
Advertising

കഴിഞ്ഞ ദിവസം സമാനമായ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കും കേരള പൊലീസിന്റെ നോട്ടീസ് ലഭിച്ചിരുന്നു. കത്ത് സംബന്ധിച്ച് പോസ്റ്റ് ഇട്ടതിന് 270 എക്‌സ് അക്കൗണ്ടുകള്‍ക്കും 200 ഫേസ്ബുക് പേജുകള്‍ക്കും 90 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും പൊലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ പതിച്ചത്. സംഭവം വലിയ വിവാദമാകുകയും കമ്മീഷനെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. എന്നാല്‍, ബിജെപിയുടെ സീല്‍ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചത്. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായും കമ്മീഷന്‍ അറിയിച്ചിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News