വിട്ടുവീഴ്ചയില്ലാത്ത വിധിന്യായങ്ങളുമായി യോഗി സർക്കാരിനടക്കം തലവേദനയായ മലയാളി; ആരാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ?

കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് അധിക്ഷേപിച്ച മധ്യപ്രദേശ് എംപിക്കെതിരെ നടപടിയെടുക്കാൻ പൊലീസും രാഷ്ട്രീയക്കാരും മടിച്ചുനിന്നപ്പോഴും അധിക്ഷേപത്തിനെതിരെ ശബ്ദമുയർത്തിയത് അതുൽ ശ്രീധരനായിരുന്നു

Update: 2026-03-25 09:42 GMT

ന്യൂഡൽഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും അക്രമികളെ സംരക്ഷിക്കാന്‍ ഭരണകൂടവും അനുദിനം താല്‍പ്പര്യം കാണിക്കുന്ന ആധുനിക ഇന്ത്യയില്‍ ഭീതിയുടെയും സമ്മര്‍ദത്തിന്റെയും ഭാരം ചുമലിലേറ്റിയാണ് നീതിന്യായ വകുപ്പ് പലപ്പോഴും മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. സത്യം പറയുന്നവരെ നിശബ്ദരാക്കുകയും തങ്ങള്‍ക്കനുകൂലമായ നിലയിലേക്ക് അസത്യങ്ങളെ വളച്ചൊടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സഞ്ചരിക്കുന്ന കാലത്ത്, അടുത്തിടെ പുറത്തുവന്ന വിധിപ്രഖ്യാപനങ്ങള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ അനീതിയുടെ അതിപ്രസരണം വളരെയെളുപ്പത്തില്‍ കാണാനാകും. അത്തരത്തില്‍, ശക്തമായ വിധിന്യായങ്ങളിലൂടെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തലവേദനയായ മലയാളി ജഡ്ജി അതുല്‍ ശ്രീധരനെ പ്രധാന കേസുകളില്‍ പരിഗണിക്കുന്നതില്‍ നിന്ന് മാറ്റിയതാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വിവരം.

Advertising
Advertising

വിവിധ ബെഞ്ചുകള്‍ സംബന്ധിച്ച റോസ്റ്റര്‍ അലഹബാദ് ഹൈക്കോടതി അടുത്തിടെ പരിഷ്‌കരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. നേരത്തെ, മധ്യപ്രദേശ്, കശ്മീര്‍ ഹൈക്കോടതികളില്‍ ജഡ്ജിയായിരിക്കെ അതിശക്തമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് അതുല്‍ ശ്രീധരനെ അലഹബാദിലേക്ക് മാറ്റുകയായിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ എത്തിയതിന് ശേഷവും സര്‍ക്കാരിന്റെ വീഴ്ചകളിലടക്കം അദ്ദേഹം സ്വീകരിച്ച വിധിന്യായങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സമ്മര്‍ദങ്ങളും ഭീഷണികളും ഇരുവശങ്ങളിലുമായി വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുമ്പോഴും കോടതിമുറികളിലെ ധൈര്യത്തിന്റെയും നീതിയുടെയും നിര്‍വചനം, ആരായിരുന്നു ജസ്റ്റിസ് അതുല്‍ ശ്രീധരനെന്ന് പരിശോധിക്കാം.

ആരായിരുന്നു ജസ്റ്റിസ് അതുല്‍ ശ്രീധരന്‍?

1966 മെയ് 24-ല്‍ ജനനം. ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോടൊപ്പം 1992 മുതല്‍ 97-വരെ പരിശീലനം. ഈ പരിശീലനകാലയളവില്‍ നിരവധി കേസുകളില്‍ സുബ്രഹ്മണ്യനെ അദ്ദേഹം സഹായിക്കുകയുണ്ടായി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം സ്വതന്ത്രമായി അഭിഭാഷകരംഗത്തേക്ക് കടന്നു. ഡല്‍ഹിയില്‍ നിന്നാരംഭിച്ച അഭിഭാഷക യാത്രയില്‍ മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിക്കുകയും ചെയ്തു. താന്‍ സേവനം ചെയ്യുന്ന സ്ഥലങ്ങൾ കാലാന്തരങ്ങളില്‍ പലപ്പോഴായി മാറിയെങ്കിലും, അധികാരികളുടെ സമ്മര്‍ദത്തിന് വഴങ്ങി വിധിന്യായങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത അദ്ദേഹത്തിന്‍റെ മനോഭാവത്തില്‍ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ഓപ്പറേഷന്‍ സിന്ദൂറിന് നേതൃത്വം നല്‍കിയ കേണല്‍ സോഫിയ ഖുറേഷിയെ മധ്യപ്രദേശ് എംപി കുന്‍വര്‍ വിജയ് ഷാ അപമാനിച്ച വാര്‍ത്തകള്‍ അധികപേരും ശ്രദ്ധിച്ചുകാണണം. സോഫിയ ഖുറേഷിയുടെ പേര് മാത്രം നോക്കി മുസ്ലിം തീവ്രവാദിയെന്ന് വിളിക്കാന്‍ ഈ എംപി ധൈര്യം കാണിച്ചതിനപ്പുറം അയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികളെല്ലാം മടിച്ചുനിന്ന സാഹചര്യത്തില്‍ അനീതിക്കെതിരെ വിരലുയര്‍ത്താന്‍ തയ്യാറായത് അതുല്‍ ശ്രീധരനായിരുന്നു. നമ്മുടെ സായുധസേനയ്ക്ക് നേരെയുള്ള അത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കാനാകില്ലെന്നും ഇദ്ദേഹം പദവിയില്‍ തുടരാന്‍ യോഗ്യനല്ലെന്നും ജസ്റ്റിസ് ശ്രീധരന്‍ പറഞ്ഞു. തന്റെ കോടതിമുറിക്കുള്ളില്‍ നിയമത്തിന് അതീതമായി ഒരാളുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

തൊട്ടുപിന്നാലെ, ഒരു ക്ഷേത്രത്തില്‍ ദളിത് ആണ്‍കുട്ടിയെ കൊണ്ട് കാല്‍ കഴുകിയ വെള്ളം കുടിപ്പിക്കാനുള്ള ആള്‍ക്കൂട്ടത്തിന്റെ ശ്രമത്തിലും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചപ്പോള്‍ ഇടപെട്ടത് ജസ്റ്റിസ് അതുല്‍ ശ്രീധരനാണ്. ആള്‍ക്കൂട്ടത്തിനെതിരെ ന്യായമായ നടപടി സ്വീകരിക്കേണ്ടുന്നതിന് പകരം, പൊലീസുകാരും രാഷ്ട്രീയക്കാരും ഈ സംഭവത്തെ അവഗണിച്ചതിന് പിന്നാലെ അതിശക്തമായ നിലപാട് സ്വീകരിച്ച അതുല്‍ ശ്രീധരനെയാണ് നാം കാണുന്നത്. ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും നമ്മുടെ പാരമ്പര്യത്തില്‍ പെട്ടതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.

മുതിര്‍ന്ന വ്യക്തികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ആരുമായും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം അദ്ദേഹം വകവെച്ചു നല്‍കിയതായി റെക്കോര്‍ഡുകള്‍ പരിശോധിച്ചുനോക്കിയാല്‍ കാണാനാകും. മറ്റൊരാളുമായി വിവാഹം കഴിക്കണമെന്ന് അവരെ നിര്‍ബന്ധിക്കാനാവില്ലെന്നും അദ്ദേഹം വിധിയെഴുതി. ജുഡീഷ്യറിയെ കളങ്കപ്പെടുത്താന്‍ ശ്രമിച്ച വ്യാജന്മാരെയെല്ലാം അര്‍ഹിച്ച പരിഗണനയോടെ അദ്ദേഹം ശിക്ഷയ്ക്ക് വിധിച്ചു. അധികാര ദുര്‍വിനിയോഗത്തിന് തയ്യാറായ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം കര്‍ശനമായ താക്കീത് നല്‍കി. ഇക്കാലയളവിൽ സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഭരണരീതികളെ ചോദ്യം ചെയ്യാനും അദ്ദേഹം മറന്നില്ല. ഭരണപരമായ കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും നടപ്പാക്കുന്നതും സര്‍ക്കാരാണെങ്കിലും നീതിന്യായ വകുപ്പില്‍ ഭരണഘടനയ്ക്കാണ് മറ്റെന്തിനേക്കാളും പ്രഥമപരിഗണനയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വിധികളുടെയും കാമ്പേറിയ ഭാഗം.

ഉത്തർപ്രദേശിലെ ഇറച്ചി നിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെ അതുൽ ശ്രീധരൻ നടത്തിയ നിരീക്ഷണങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ കരുത്തുപകരുന്നതാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ഭൂരിപക്ഷ താൽപ്പര്യങ്ങൾക്കും മുകളിൽ പ്രതിഷ്ഠിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. ഭക്ഷണപദാർഥം എന്ത് കഴിക്കണമെന്നത് ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യമാണെന്നും ഭരണഘടനയുടെ 21-ാം അനുച്ഛേദം ഭക്ഷണ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തുകയുണ്ടായി. ഇത്തരത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് മുന്നോട്ടുപോക്കിന് കരുത്തുപകരുന്ന നിരവധി വിധിന്യായങ്ങളും ഇടപെടലുകളും അദ്ദേഹം നടത്തിയിരുന്നു.

നിര്‍ഭയത്വത്തിന്റെ പാരിതോഷികം സ്ഥലംമാറ്റം

നീതിയിലധിഷ്ടിതമായി, വിട്ടുവീഴ്ചയില്ലാത്ത വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതിന്റെ പാരിതോഷികങ്ങളായി പലപ്പോഴും സ്ഥലംമാറ്റങ്ങളും താക്കീതുമായിരുന്നു അതുല്‍ ശ്രീധരനെ തേടിയെത്തിയിരുന്നത്. നേരത്തെ, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ ഹൈക്കോടതികളില്‍ ജഡ്ജിയായിരിക്കെ ശക്തമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. അലഹബാദിലെത്തിയ ശേഷവും സാധ്യമായ ഒട്ടേറെ കേസുകളിലും കടുത്ത നിലപാട് സ്വീകരിച്ച ജസ്റ്റിസ് അതുല്‍ ശ്രീധര്‍ യോഗി സര്‍ക്കാരിന്റെ വീഴ്ചകളെയും ഏകപക്ഷീയമായ നീക്കങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പിന്നാലെയാണ്, സര്‍ക്കാരിന് തലവേദനയായ അതുല്‍ ശ്രീധരനെ പ്രധാന കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് മാറ്റിയത്.

2025 മാർച്ചിൽ മധ്യപ്രദേശിലേക്ക് തിരികെയെത്തിയ അദ്ദേഹത്തെ, 2025 നവംബറിൽ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. 2028 മെയ് 23-നാണ് അദ്ദേഹം വിരമിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News