കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡക്ക് നേരെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്

Update: 2017-09-19 15:57 GMT
Editor : Ubaid
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡക്ക് നേരെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്
Advertising

ഭോപ്പാൽ എയിംസ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെ‍ഡിക്കൽ വിദ്യാർഥികളാണ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിയുടെ ദേഹത്തേക്ക് മഷിയെറിഞ്ഞത്

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കുനേരെ ഭോപ്പാൽ എയിംസിലെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്. ഭോപ്പാൽ എയിംസ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെ‍ഡിക്കൽ വിദ്യാർഥികളാണ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിയുടെ ദേഹത്തേക്ക് മഷിയെറിഞ്ഞത്. എയിംസ് കാമ്പസിൽ അധികൃതരെ സന്ദർശിച്ചശേഷം മടങ്ങുന്നതിനായി കാറിൽ കയറുമ്പോഴാണ് മന്ത്രിക്കു നേരെ മഷിയേറുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ മന്ത്രിയെ സംഭവസ്ഥലത്തുനിന്ന് മാറ്റി. മന്ത്രിയെത്തുമ്പോൾ അൻപതിലധികം മെഡിക്കൽ വിദ്യാർഥികൾ സമരസ്ഥലത്തുണ്ടായിരുന്നു. കാംപസിലെത്തിയ മന്ത്രിയെ തടയാൻ ശ്രമിച്ചതോടെ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. സംഘർഷത്തിൽ രണ്ടു വിദ്യാർഥികൾക്ക് നിസാര പരുക്കേറ്റു.

ഭോപ്പാലിൽ എയിംസ് ആരംഭിച്ചിട്ട് 13 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഡിപ്പാർട്ട്മെന്റിലെ പകുതിയും പ്രവർത്തനക്ഷമമല്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. എപ്പോഴൊക്കെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയോ, അപ്പോഴൊക്കെ തങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടുവെന്നും സമരക്കാർ ആരോപിച്ചു. സംഭവസ്ഥലത്തെത്തിയ മന്ത്രിയോട് തങ്ങളുടെ ആവശ്യങ്ങൾ കേൾക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും മന്ത്രി പോകാനുള്ള തിരക്കിലായിരുന്നു. അതിനാലാണ് മന്ത്രിക്കുനേരെ മഷിയെറിഞ്ഞതെന്നും വിദ്യാർഥികളിലൊരാൾ പ്രതികരിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News