ഡല്‍ഹിയിലെ വാഹന നിയന്ത്രണം: രണ്ടാം ഘട്ടം അവസാനിച്ചു

Update: 2018-04-08 15:50 GMT
Editor : admin
ഡല്‍ഹിയിലെ വാഹന നിയന്ത്രണം: രണ്ടാം ഘട്ടം അവസാനിച്ചു

മലിനീകരണം ത‌ടയാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വാഹനനിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട നമ്പര്‍ വാഹന പരിഷ്ക്കരണത്തിന്റെ രണ്ടാം ഘട്ടം അവസാനിച്ചു.

മലിനീകരണം ത‌ടയാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വാഹനനിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട നമ്പര്‍ വാഹന പരിഷ്ക്കരണത്തിന്റെ രണ്ടാം ഘട്ടം അവസാനിച്ചു. പദ്ധതി വലിയ വിജയമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ അവകാശപ്പെട്ടു. അതേ സമയം തന്നെ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഡീസല്‍ ടാക്സി നിരോധനം നിലവില്‍ വരും.

ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം നടപ്പിലാക്കി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഒറ്റ, ഇരട്ട നമ്പര്‍ പരിഷ്കാരത്തിന് തുടക്കമിട്ടത്. ഒറ്റ നമ്പറില്‍ അവസാനിക്കുന്ന ദിവസങ്ങളില്‍ ഒറ്റ നമ്പര്‍ വാഹനങ്ങളും ഇരട്ട നമ്പറില്‍ അവസാനിക്കുന്ന ദിവസങ്ങളില്‍ ഇരട്ട നമ്പര്‍ വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാവൂ എന്നതായിരുന്നു പരിഷ്കാരം. ആദ്യഘട്ടം വലിയ വിജയമായിരുന്നുവെങ്കിലും രണ്ടാം ഘട്ടം വേണ്ടത്ര വിജയിച്ചില്ലെന്നാണ് വിലയിരുത്തല്‍. ഓരോ ദിവസവും ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് പിടികൂടിയത്. എന്നാല്‍ പദ്ധതി വലിയ വിജയമാണെന്നാണ് സര്‍ക്കാര്‍ അവകാശവാദം.

Advertising
Advertising

അതേസമയം തന്നെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഡീസല്‍ ടാക്സി നിരോധനം നിലവില്‍ വരും. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള ഡീസല്‍ ടാക്സികള്‍ മെയ് 1 ന് മുന്‍പ് സിഎന്‍ജി വാതകത്തിലേക്ക് മാറണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതിനെതിരെ വാഹന ഉടമകള്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. 2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. അതേ സമയം പരിസ്ഥിതി സെസ് അടക്കണമെന്ന ഉപാധിയോടെ ഡല്‍ഹി പൊലീസിന് 190 ‍ഡീസല്‍ വാഹനങ്ങള്‍ വാങ്ങാനും ഡല്‍ഹി ജല ബോര്‍ഡ് വാങ്ങിയ ഡീസല്‍ ട്രെക്കുകള്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News