കൃഷ്ണ മൃഗവേട്ട; സല്‍മാന്‍ ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Update: 2018-04-13 16:11 GMT
Editor : Alwyn K Jose
കൃഷ്ണ മൃഗവേട്ട; സല്‍മാന്‍ ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഹൈക്കോടതി വിധിയിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സ്പെഷല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സല്‍മാന്‍ ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സ്പെഷല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ജൂലൈ 25നാണ് കേസില്‍ സൽമാൻ ഖാനടക്കം ഏഴ് പേരെ ഹൈക്കോടതി കോടതി വെറുതെ വിട്ടത്.

1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ രാത്രി ജോധ്പൂരിനു സമീപം കന്‍കാണി ഗ്രാമത്തില്‍ 'ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയിലാണ് സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സംഘം രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ 51ാം വകുപ്പനുസരിച്ച് സല്‍മാനും സംഘത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സല്‍മാനെ കൂടാതെ സെയ്ഫ് അലിഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം അടക്കമുളളവരായിരുന്നു കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍. ഇവരുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ജോധ്പൂര്‍ വിചാരണ കോടതി നേരത്തെ സല്‍മാന് തടവുശിക്ഷ വിധിച്ചിരുന്നു. ആദ്യ കേസില്‍ ഒരു വര്‍ഷം തടവും രണ്ടാമത്തേതില്‍ ആവര്‍ത്തിച്ച്‌ കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ അഞ്ചു വര്‍ഷവും തടവുമാണ് ജോധ്പൂര്‍ കോടതി വിധിച്ചത്.

വിധിക്കെതിരായി സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി, സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സല്‍മാനെയും സംഘത്തെയും വെറുതെ വിടാന്‍ തീരുമാനിച്ചത്. ഉറങ്ങിക്കിടന്നവരെ വാഹനമിടിച്ച് കടന്നുകളഞ്ഞ കേസിലും സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കിയതോടെ നടനെന്ന രീതിയില്‍ സല്‍മാന് ജുഡീഷ്യല്‍ ഇളവ് ലഭിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News