സിംഗൂരില്‍ ടാറ്റക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്ന് സുപ്രീംകോടതി
സ്വകാര്യ കമ്പനിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ പൊതു ആവശ്യനമായി കരുതനാകില്ലെന്നും സര്‍ക്കാര്‍ തീരുമാനം തട്ടിപ്പായിരുന്നെന്നും കോടതി വ്യക്തമാക്കി
സിംഗൂരില്‍ ടാറ്റക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 12 ആഴ്ചക്കകം ഭൂമി തിരികെ നല്‍കണം. നഷ്ടപരിഹാരം കര്‍ഷകര്‍ തിരികെ നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. സ്വകാര്യ കമ്പനിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ പൊതു ആവശ്യനമായി കരുതനാകില്ലെന്നും സര്‍ക്കാര്‍ തീരുമാനം തട്ടിപ്പായിരുന്നെന്നും കോടതി വ്യക്തമാക്കി.
2006ല്‍ ബുദ്ധദേവ് ഭട്ടചാര്യയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരാണ് കര്‍ഷകരുടെ ഭൂമി ടാറ്റക്കായി ഏറ്റെടുത്ത് നല്‍കിയത്. തുടര്‍ന്ന് കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2008ല്‍ നാനോ ഫാക്ടറി ഗുജറാത്തിലേക്ക് ടാറ്റ ഗ്രൂപ്പ് മാറ്റിസ്ഥാപിച്ചിരുന്നു. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം മുന്‍ നിര്‍ത്തി പ്രചാരണം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നീണ്ടകാലത്തെ ഇടത് ഭരണത്തിന് അന്ത്യംകുറച്ച് അധികാരത്തിലെത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെത്തിയ മമതാ ബാനര്‍ജി 2011 ല്‍ ടാറ്റക്ക് ഭൂമി വിട്ട് നല്‍കിയ നടപടി റദ്ദാക്കിയിരുന്നെങ്കിലും ടാറ്റ കമ്പനി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്നാണ് കേസ് സുപ്രീകോടതിയില്‍ എത്തിയിരിക്കുന്നത്. ബംഗാളില്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന് സുപ്രീകോടതി വിധി മറ്റൊരു ഇരുട്ടടിയായിരിക്കുകയാണ്.